ബിന്‍ ലാദന്റെ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍; വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത് അമേരിക്ക. ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ പിടികൂടുന്നതിന് സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് അമേരിക്ക പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ ഭീകര സംഘടനയുടെ നേതൃസ്ഥാനത്തേയ്ക്കു വന്നുകൊണ്ടിരിക്കുന്ന ഹംസ ബിന്‍ ലാദന്‍, അമേരിക്കയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇവയെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

ഹംസ ബിന്‍ ലാദന് ഇപ്പോള്‍ 30 വയസ്സ് പ്രായമുണ്ടായിരിക്കുമെന്നാണ് കരുതുന്നത്. അമേരിക്ക ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇയാള്‍ അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തി മേഖലയിലോ ഇറാന്‍, സിറിയ എന്നിവിടങ്ങളിലോ ഉണ്ടാവാമെന്നാണ് അമേരിക്ക കരുതുന്നത്.

2011ല്‍ ആണ് ഒസാമ ബിന്‍ ലാദനെ പാകിസ്താനില്‍വെച്ച് അമേരിക്കയുടെ പ്രത്യേക ദൗത്യസംഘം വധിച്ചത്. 2001 സെബ്തംബറില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിന്‍ ലാദന്റെ നേതൃത്വത്തിലുള്ള അല്‍ഖ്വയ്ദയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്.

pathram:
Leave a Comment