അന്ന് മണിരത്‌നം സിനിമയ്‌ക്കൊപ്പം; മകൻ ഇന്ന് സമാന അവസ്ഥയില്‍…!!!

മകന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ തിരിച്ചെത്തുന്ന നിമിഷത്തിനായി എയര്‍മാര്‍ഷല്‍ എസ്. വര്‍ധമാനൊപ്പം രാജ്യം മുഴുവനും കാത്തിരിക്കുകയാണ്. ഇതില്‍ ഒരു കൗതുകകരമായ സംഭവമുണ്ട്. പാക്ക് സൈന്യം തടവിലാക്കിയ മകന്റെ ജീവിതത്തിലെന്നപോലെ ഒരു കഥയിലൂടെ ഈ മുന്‍സൈനികനും കടന്നുപോയിരുന്നു.

അതുപക്ഷേ, ഒരു സിനിമയ്ക്കു വേണ്ടിയായിരുന്നു, മണിരത്‌നം സംവിധാനം ചെയ്ത് 2017 ല്‍ റിലീസ് ചെയ്ത ‘കാറ്റ്‌റു വെളിയിടൈ’. പാക്കിസ്ഥാനില്‍ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ കഥ പറഞ്ഞ സിനിമയില്‍ വ്യോമസേനാ പശ്ചാത്തലം ചിത്രീകരിച്ചത് കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മുന്‍ മേധാവി എയര്‍ മാര്‍ഷല്‍ (റിട്ട) എസ്. വര്‍ധമാന്റെ വിദഗ്ധ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരുന്നു.

കാര്‍ഗില്‍ യുദ്ധത്തിനിടെ പാക്ക് സൈന്യത്തിന്റെ പിടിയിലാകുന്ന വ്യോമസേന പൈലറ്റിനെ നടന്‍ കാര്‍ത്തിയാണു സിനിമയില്‍ അവതരിപ്പിച്ചത്. 1971 ല്‍ പാക്ക് തടവിലായ ഫ്‌ലൈറ്റ് ലഫ്. ദിലീപ് പരുല്‍ക്കര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ തടവുകാരനാക്കപ്പെട്ട ഫ്‌ലൈറ്റ് ലഫ്. കെ. നചികേത എന്നിവരുടെ അനുഭവങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമയിലെ കഥാപാത്രത്തെ ഒരുക്കിയത്.

1971 ഡിസംബര്‍ 10ന് ലഹോറിനു കിഴക്ക് റഡാര്‍ സ്റ്റേഷനുനേരെ ബോംബാക്രമണം നടത്തുമ്പോഴാണ് പോര്‍വിമാനത്തിനു വെടിയേറ്റ് പരുല്‍ക്കര്‍ പിടിയിലായത്. പിന്നീട് റാവല്‍പിണ്ടിയിലെ ജയില്‍മുറിയുടെ ഭിത്തി തുരന്ന് രണ്ടു സഹതടവുകാര്‍ക്കൊപ്പം ജയില്‍ ചാടിയെങ്കിലും യാത്രയ്ക്കിടെ പിടിയിലായി. ഒടുവില്‍ 1972 ഡിസംബര്‍ ഒന്നിനു വാഗ അതിര്‍ത്തിയില്‍വച്ച് പരുല്‍ക്കറെ ഇന്ത്യയ്ക്കു കൈമാറി. മിഗ് 27 വിമാനത്തിനു തകരാര്‍ പറ്റിയാണ് കാര്‍ഗില്‍ യുദ്ധവേളയില്‍, നചികേത (26) പാക്ക് പിടിയിലായത്.

ജയിലില്‍ ക്രൂരമര്‍ദനമേറ്റെങ്കിലും രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് 8 ദിവസത്തിനു ശേഷം മോചിപ്പിക്കപ്പെട്ടു. വീരപുത്രന്‍ അഭിനന്ദന്‍ മടങ്ങിയെത്തുന്ന ദിനത്തിനായും നമുക്കു കാത്തിരിക്കാം.

pathram:
Leave a Comment