ഓസിസിന് 191 റണ്‍സ് വിജയലക്ഷ്യം; തകര്‍ത്തടിച്ച് കോഹ്ലിയും ധോണിയും

ബംഗളൂരു: ആവേശപ്പോരാട്ടത്തില്‍ ഓസീസിനു മുന്നില്‍ 191 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സെടുത്തത്. ട്വന്റി20 കരിയറിലെ 20ാം അര്‍ധസെഞ്ചുറിയുമായി വരവറിയിച്ച വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ട്വന്റി20യില്‍ കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡിലേക്ക് കോഹ്‌ലിയും എത്തി. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് പഴി കേട്ടതിനുള്ള മറുപടിയായിരുന്നു ധോണിയുടെ പ്രകടനം. 23 പന്തില്‍ 40 റണ്‍സ് നേടിയാണ് ധോണിയുടെ മറുപടി.

38 പന്തുകള്‍ നീണ്ട ഇന്നിങ്‌സില്‍ രണ്ടു ബൗണ്ടറിയും ആറു സിക്‌സും സഹിതം കോഹ്‌ലി നേടിയത് 72 റണ്‍സ്. ട്വന്റി20യില്‍ ഇതോടെ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടിയ താരമെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പമെത്തി കോഹ്‌ലി. ഇരുവര്‍ക്കും ഇപ്പോള്‍ 20 അര്‍ധസെഞ്ചുറികള്‍ വീതമുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ട ധോണി 23 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സും സഹിതം 40 റണ്‍സുമായി അവസാന ഓവറില്‍ പുറത്തായി. നേരത്തെ, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തകര്‍ത്തടിച്ച് ഉജ്വല തുടക്കം സമ്മാനിച്ച ലോകേഷ് രാഹുലാണ് മികച്ച സ്‌കോറിലേക്കുള്ള കുതിപ്പില്‍ ഇന്ത്യയ്ക്ക് ആവേശം സമ്മാനിച്ചത്. 26 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം 47 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.

മികച്ച സ്‌കോറിലേക്കുള്ള മുന്നേറ്റത്തില്‍ ഇന്ത്യയ്ക്ക് കരുത്തായത് ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടുമാണ്. ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലോകേഷ് രാഹുല്‍ശിഖര്‍ ധവാന്‍ സഖ്യം നല്‍കിയ മികച്ച തുടക്കം, അഞ്ചാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോഹ്‌ലി-ധോണി സഖ്യം നേടിയത്.

നേരത്തെ, തുടര്‍ച്ചയായ രണ്ടാം ട്വന്റി20യിലും ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആദ്യ ഏകദിനത്തിലേതിനു സമാനമായി ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സ്വപ്നസമാനമായ പ്രകടനമായിരുന്നു രാഹുലിന്റേത്. ഓസീസ് ബോളര്‍മാര്‍ തെല്ലും കൂസാതെ തകര്‍ത്തടിച്ചു തുടങ്ങിയ രാഹുല്‍, ഫോമില്ലായ്മ കൊണ്ടും അനാവശ്യ വിവാദങ്ങള്‍കൊണ്ടും ആരാധകരില്‍ സൃഷ്ടിച്ച ആശങ്ക അകറ്റി. ഒടുവില്‍ അര്‍ഹിച്ച അര്‍ധസെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ നേഥന്‍ കോള്‍ട്ടര്‍നീലാണ് രാഹുലിനെ മടക്കിയത്. 26 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതമാണ് രാഹുല്‍ 47 റണ്‍സെടുത്തത്.

പതിവിനു വിപരീതമായി ‘ഇഴഞ്ഞുനീങ്ങിയ’ ധവാന്റേതായിരുന്നു അടുത്ത ഊഴം. സ്‌കോര്‍ 70ല്‍ നില്‍ക്കെ ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫിന്റെ പന്തില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ ഉജ്വല ക്യാച്ചിലാണ് ധവാന്‍ പുറത്തായത്. സമ്പാദ്യം 24 പന്തില്‍ ഒരേയൊരു ബൗണ്ടറി സഹിതം 14 റണ്‍സ്.

ഏറെ പ്രതീക്ഷയോടെ ക്രീസിലെത്തിയ യുവതാരം ഋഷഭ് പന്ത് നിരാശപ്പെടുത്തുന്ന കാഴ്ചയായിരുന്നു അടുത്തത്. ആറു പന്തുകള്‍ നേരിട്ട് ഒരു റണ്‍ മാത്രമെടുത്ത പന്തിനെ ഡാര്‍സി ഷോര്‍ട്ട് പുറത്താക്കി. ധവാനെ പുറത്താക്കാന്‍ സ്റ്റോയ്‌നിസ് നേടിയ ക്യാച്ചിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ക്യാച്ചുമായി റിച്ചാര്‍ഡ്‌സനാണ് പന്തിനെ പുറത്താക്കിയത്.

കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച അതേ ടീമുമായാണ് രണ്ടാമങ്കത്തിലും ഓസീസിന്റെ പടപ്പുറപ്പാട്. അതേസമയം, ഇന്ത്യന്‍ നിരയില്‍ മൂന്നു മാറ്റങ്ങളുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിച്ചപ്പോള്‍, വിശ്രമത്തിനുശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയ്ക്കു പകരം വിജയ് ശങ്കറും കഴിഞ്ഞ മല്‍സരത്തില്‍ കനത്ത പ്രഹരമേറ്റു വാങ്ങിയ ഉമേഷ് യാദവിനു പകരം സിദ്ധാര്‍ഥ് കൗളും ടീമില്‍ ഇടം പിടിച്ചു. ബാറ്റിങ് നിര പരാജയപ്പെട്ട ആദ്യ ട്വന്റി20യില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്നു ജയിച്ചാല്‍ പരമ്പര സമനിലയിലാക്കാം. ആത്മവിശ്വാസത്തോടെ ഏകദിന പരമ്പരയ്ക്കിറങ്ങാം. തോല്‍വിയാണു ഫലമെങ്കില്‍, നീണ്ട 11 വര്‍ഷങ്ങള്‍ക്കുശേഷം ഓസീസിനെതിരെ ആദ്യമായി ട്വന്റി20 പരമ്പര നഷ്ടമാകും.

pathram:
Related Post
Leave a Comment