പൈലറ്റിനെ സുരക്ഷിതനായി തിരിച്ചയക്കണം; പാക്കിസ്താന് ഇന്ത്യയുടെ താക്കീത്

ന്യൂഡല്‍ഹി: പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന് യാതൊരു പീഡനവും ഏല്‍ക്കേണ്ടിവരില്ലെന്ന് ആരാജ്യം ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വ്യോമസേനാംഗത്തെ ഉടന്‍ സുരക്ഷിതനായി തിരിച്ചയയ്ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പരിക്കേറ്റ പൈലറ്റിനെ മോശമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചതും ദൃശ്യങ്ങള്‍ പുറത്തുവിട്ടതും രാജ്യാന്തര നിയമങ്ങളുടെയും ജനീവ കണ്‍വെന്‍ഷന്റെയും ലംഘനമാണ്. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാതെ പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ രോഷം പ്രകടിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഇന്ത്യയിലെ പാകിസ്താന്റെ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പാക് നടപടികളിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചു. വ്യോമാതിര്‍ത്തി ലംഘിച്ചതിനും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തിയതിലുമുള്ള പ്രതിഷേധമാണ് ഇന്ത്യ അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

അതിനിടെ, രണ്ട് വ്യോമസേന പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദം തിരുത്തി പാക് സൈനിക വക്താവ് രംഗത്തെത്തി. ഒരു പൈലറ്റ് മാത്രമാണ് കസ്റ്റഡിയിലുള്ളതെന്നാണ് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. മിഗ് 21 ബൈസണ്‍ ജെറ്റിന്റെ പൈലറ്റാണ് തിരിച്ചെത്താത്തതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ കസ്റ്റഡിയിലുണ്ടെന്നാണ് പാകിസ്താന്റെ അവകാശവാദം. വ്യോമസേനാ പൈലറ്റിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

pathram:
Leave a Comment