പാലക്കാട് മണ്ഡലത്തില്‍ വി.കെ. ശ്രീകണ്ഠന്റെ പേര് പരിഗണനയില്‍

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു എല്‍ഡിഎഫും യുഡിഎഫും ഈയാഴ്ച തന്നെ കടക്കും. സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വിജയസാധ്യത എന്ന മാനദണ്ഡത്തിലേക്ക് കാര്യങ്ങള്‍ എത്താനാണിടയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരാണു പരിഗണനയില്‍. സുമേഷ് അച്യുതന്‍, വി.എസ്. വിജയരാഘവന്‍ എന്നിവരുടെ പേരും ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുക്കാനായ വി.കെ. ശ്രീകണ്ഠന്‍ തന്നെ മതിയെന്ന നിലപാടിലാണ് അണികളും ജില്ലയിലെ നേതാക്കളും.

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പ്രാമുഖ്യമുള്ള രണ്ട് മണ്ഡലങ്ങളാണ് ആലത്തൂരും പാലക്കാടും. എന്നാല്‍ വി.കെ. ശ്രീകണ്ഠന്റെ പദയാത്ര രണ്ട് മണ്ഡലങ്ങളിലും കാര്യമായ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് അസാധ്യമായ സീറ്റൊന്നുമല്ല പാലക്കാട് എന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറും പറയുന്നു.

കോണ്‍ഗ്രസ് നല്ല രീതിയില്‍ ഒരു ശ്രമം നടത്താത്തതുകൊണ്ടാണ് പാലക്കാട് തോറ്റുപോവുന്നത്. സതീശന്‍ പാച്ചേനി മത്സരിച്ചപ്പോള്‍ ഏതാണ്ട് ആയിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ വളരെ പ്രബലനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് നല്ല പോരാട്ടം കാഴ്ചവെയ്ക്കാനാവുമെന്ന് അഡ്വ. ജയശങ്കര്‍ പറയുന്നു.

1971ലെ തിരഞ്ഞെടുപ്പ് വരെ സ്ഥിരമായി കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. 77ലാണ് ആ മണ്ഡലം സി.പി.എമ്മിന് നഷ്ടപ്പെടുന്നത്. അതിന് ശേഷം വി.എസ്.വിജയരാഘവന്‍ മത്സരിച്ച് ജയിച്ചു. ഒരു തവണ എ. വിജയരാഘവന്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും വി.എസ് വീണ്ടും ആ സീറ്റ് തിരിച്ചുപിടിച്ചു.

പിന്നെ കൃഷ്ണദാസാണ് ആ മണ്ഡലം തിരിച്ചുകൊണ്ടുവരുന്നത്. കൃഷ്ണദാസ് വിജയിച്ചതിനുശേഷം പിന്നെ ഇതുവരെ ഇവിടെ സി.പി.എമ്മേ വിജയിച്ചിട്ടുള്ളൂ. കൃഷ്ണദാസ് മൂന്ന് തവണ ജയിച്ചു. അതിന് ശേഷം രാജേഷ് രണ്ട് തവണയും. ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

അതേസമയം ജയ് ഹോയുടെ എട്ടാം ദിവസത്തെ പ്രയാണം എരിമയുരില്‍ നിന്നുമാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം സിപിഎം ശക്തികേന്ദ്രമായ കണ്ണമ്പ്രയില്‍ ജയ് ഹോയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഓരോ സ്വീകരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പാണ് പദയാത്രയ്ക്ക് ലഭിക്കുന്നത്.


ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലും 25 ദിവസങ്ങളിലായി 361 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് മാര്‍ച്ച് 14ന് യാത്ര പാലക്കാട് ടൗണില്‍ സമാപിക്കും. 42 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തുന്നത്. 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലനാണ് ഇതിനു മുന്‍പ് ജില്ല മുഴുവന്‍ പദയാത്ര നടത്തിയിട്ടുള്ളത്.

കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച ആ പദയാത്രയില്‍ മുഴുവന്‍ സമയം പങ്കെടുത്ത അഞ്ച് പേര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. മുന്‍ മന്ത്രി വി.സി കബീര്‍, കെ.പി ലോറന്‍സ്, അര്‍ജുനന്‍ മാസ്റ്റര്‍, എസ്.എ റഹ്മാന്‍, രാജന്‍ എന്നിവര്‍.

pathram:
Leave a Comment