ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം. ഇന്ത്യയുടെ വ്യോമാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഖ്നൂര്‍, നൗഷേര, കൃഷ്ണ ഘാട്ടി സെക്ടറുകളിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അഖ്നൂര്‍, നൗഷേര, കൃഷ്ണ ഘാട്ടി സെക്ടറുകളിലേക്ക് പാക് സൈന്യം മോട്ടാര്‍ ഷെല്ലുകള്‍ വര്‍ഷിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. 21 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തില്‍ 1000 കിലോ ബോംബ് ഇന്ത്യ വര്‍ഷിച്ചു. ബാലാകോട്ടില്‍ നടന്ന ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരതാവളങ്ങള്‍ തകര്‍ത്തു. ഏകദേശം മുന്നോറോളം ജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക കണക്ക്. ജെയ്ഷെയുടെ പ്രധാന കമാന്‍ഡര്‍മാരെ എല്ലാം ആക്രമണത്തില്‍ വധിച്ചു.
ഇന്റര്‍പോള്‍ അന്വേഷിക്കുന്ന ഭീകരരടക്കം ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ അടുത്ത ബന്ധുവും ബാലാകോട്ടിലെ ക്യാംപ് നിയന്ത്രിച്ചിരുന്ന ആളുമായ യൂസഫ് അസര്‍ എന്ന മുഹമ്മദ് സലീമാണ് കൊല്ലപ്പെട്ടവരില്‍ പ്രധാനി. മൗലാന അമര്‍, മൗലാന തല്‍ഹ, സെയ്ഫ് എന്നീ പ്രമുഖരെല്ലാം കൊല്ലപ്പെട്ടു.
Leave a Comment