ദുശ്ശീലങ്ങളില്‍ വീഴരുതെന്ന് ടീമംഗങ്ങള്‍ക്ക് കോഹ്ലിയുടെ പ്രത്യേക ഉപദേശം

ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് നായകന്‍ വിരാട് കോഹ്‌ലിയുടെ ഉപദേശം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പശ്ചാത്തലത്തില്‍ ദുശ്ശീലങ്ങളില്‍ വീഴരുതെന്നാണ് ഇന്ത്യന്‍ നായകന്‍ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്തസമ്മേളനത്തിലാണ് വിരാടിന്റെ പ്രതികരണം.

കുട്ടി ക്രിക്കറ്റില്‍ താരങ്ങള്‍ പൊതുവെ സമ്മര്‍ദങ്ങള്‍ക്ക് ഇരയാകുന്നത് പതിവാണ്. ടി20യുടെ സ്വഭാവത്തിന് അനുസരിച്ച് അവരുടെ പ്രകടനത്തിലും മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇത് കളിയുടെ സ്വഭാവികത നഷ്ടപ്പെടുത്താറുമുണ്ട്. എന്നാല്‍ ലോകകപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ ടീമിന് അത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

‘ലോകകപ്പ് മത്സരങ്ങള്‍ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഏകദിന ശൈലിയില്‍ നിന്ന് വഴിതെറ്റാതെ ശ്രമിക്കണം. അതായത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിയുടെ സ്വാഭാവികത നഷ്ടപ്പെടുന്ന ദുശ്ശീലങ്ങളില്‍ നിന്ന് മാറി നില്‍ക്കണം. നമുക്ക് വേണ്ടത് മാനസികമായും ശാരീരികമായും ആത്മവിശ്വാസവും സന്തോഷവുമുള്ള 15 കളിക്കാരെയാണ്,’ കോഹ്‌ലി പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയിലാണ് ഇന്ത്യ. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി20 മത്സരം ഇന്ന് ആരംഭിക്കും. വിശാഖപട്ടണത്ത് രാത്രി ഏഴ് മണിക്കാണ് മത്സരം. രണ്ട് മത്സരങ്ങളടങ്ങുന്നതാണ് ടി20 പരമ്പര. അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം എന്നതിലുപരി രണ്ട് കരുത്തരായ ടീമുകള്‍ക്ക് ലോകകപ്പിന് മുന്നോടിയായി അവരുടെ അവസാന ഒരുക്കങ്ങള്‍ക്കുള്ള അവസരമായിരിക്കും പരമ്പര.

pathram:
Related Post
Leave a Comment