ആലത്തൂരിലും തരംഗമായി വി.കെ. ശ്രീകണ്ഠന്റെ ‘ജയ് ഹോ’ പദയാത്ര

ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്ര ‘ജയ് ഹോ’ പാലക്കാട് ഗ്രാമങ്ങളെ ഇളക്കിമറിച്ച് മുന്നേറുന്നു. ഓരോ സ്വീകരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പാണ് പദയാത്രയ്ക്ക് ലഭിക്കുന്നത്. തരൂര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ‘ജയ് ഹോ’ ഏഴാം ദിവസത്തെ പ്രയാണം ആരംഭിച്ചത്.

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിനു പുറമെ ആലത്തൂര്‍ മണ്ഡലത്തിലും യാത്രക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സിപിഎം കോട്ടയായ ആലത്തൂരിലും പദയാത്രക്ക് ചലനങ്ങള്‍ സൃഷ്ടിക്കാനായി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതേൃത്വം. പാര്‍ട്ടി വേദികളില്‍ വര്‍ഷങ്ങളായി സജീവമല്ലാതിരുന്ന നിരവധി പ്രവര്‍ത്തകരാണ് യാത്രക്ക് സ്വീകരണം നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയത്.

ഏഴുദിവസത്തിനിടെ മറ്റുപാര്‍ട്ടികളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുക കൂടി ചെയ്തതോടെ യാത്ര വലിയ വിജയമായി എന്ന വിലയിരുത്തലില്‍ തന്നെയാണ് നേതാക്കള്‍. ഇതോടെ വി.കെ. ശ്രീകണ്ഠന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാവാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരിക്കുകയാണ്.


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് പാലക്കാട്. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലന്‍ നയിച്ച പദയാത്രയെക്കാള്‍ വന്‍ വിജയമാകും വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര എന്ന് അണികള്‍ ഇപ്പോള്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

വികെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര 25 ദിവസം കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പര്യടനം നടത്തും. 361 കിലോമീറ്ററാണ് സഞ്ചരിക്കുക.

pathram:
Related Post
Leave a Comment