ഇരട്ടക്കൊലപാതകം; എല്‍ഡിഎഫില്‍ അമര്‍ഷം

കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എല്‍ഡിഎഫിലും സിപിഎമ്മിനുള്ളിലും പ്രതിഷേധം പുകയുന്നു. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവ് പിടിയിലാകുകയും കുറ്റം സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശബ്ദം ഉയരുകയാണ്. രാഷ്ട്രീയകൊലപാതകങ്ങള്‍ എല്‍.ഡി.എഫ്. അംഗീകരിക്കുന്നില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പറഞ്ഞിരിക്കുകയാണ്.

പെരിയ ഇരട്ടക്കൊലപാതകം നിര്‍ഭാഗ്യകരമാണ്. ഉത്തരവാദികള്‍ അറസ്റ്റിലാകുക തന്നെ ചെയ്യുമെന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കവേ കാനം പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകം സി.പി.ഐ. നയിക്കുന്ന വടക്കന്‍മേഖലാ ജാഥയെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഇതോടെയാണ് സിപിഐ നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നതും.

കാനം നയിക്കുന്ന വടക്കന്‍മേഖലാ കേരളരക്ഷായാത്രയുടെ ആദ്യദിനം ആയിരുന്നു ഇരട്ട കൊലപാതകം നടന്നത്. ഇടതുതട്ടകമായ കണ്ണൂരില്‍ പര്യടനം നടത്തേണ്ട ആദ്യദിനം കൊലപാതകത്തേത്തുടര്‍ന്നുള്ള ഹര്‍ത്താലാണ് കാനത്തിന് നേരിടേണ്ടി വന്നത്. കാനത്തിനു ഗസ്റ്റ് ഹൗസില്‍ കഴിയേണ്ടിവരികയും ചെയ്തു. ഇക്കാര്യത്തിലെ നീരസം മന്ത്രി ഇ. ചന്ദ്രശേഖരന്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എം. പ്രതിരോധത്തിലായതോടെ കേരളരക്ഷായാത്രയുടെ പ്രസക്തിതന്നെ ഇല്ലാതായെന്നാണു സി.പി.ഐ. നിലപാട്. ഇരട്ടക്കൊലപാതകത്തോടെ, സിപിഎമ്മിനുള്ളില്‍ തന്നെയും കണ്ണൂര്‍ മോഡലിനെതിരേ അമര്‍ഷം ഉരുണ്ടുകൂടുകയാണ്.

കാസര്‍ഗോഡ് നടന്ന കൊലപാതകത്തിന്റെ അലയൊലികള്‍ സിപിഎമ്മിനുള്ളില്‍ തന്നെയും പ്രതിഷേധ ശബ്ദം ഉയര്‍ത്തി. രാഷ്ട്രീയപ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കാമെന്ന ചിന്ത ഗുരുതരമായ വ്യതിയാനമാണെന്നും ഇത്തരക്കാരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കരുതെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത് ഇതിന്റെ സൂചനയായി.

ശബരിമല പ്രശ്നം പൊതുതെരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. വടക്കന്‍ കേരളത്തിലെ മികച്ച പ്രകടനം കൊണ്ട് ഇതു മറികടക്കാന്‍ കഴിയുമെന്നായിരുന്നു എതിര്‍വാദം. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം ഈ സാധ്യത അടച്ചുകളഞ്ഞെന്നു വ്യക്തമാക്കി കണ്ണൂര്‍ ലോബിക്കെതിരേ പ്രതിഷേധം ഉയരുകയാണ്. വി.എസിനു പുറമേ, ഡോ. തോമസ് ഐസക്കും എം.എ. ബേബിയും മറ്റും മുമ്പ് ഇതിനു ശ്രമിച്ചിരുന്നു. ഇവരോടു മനസാ യോജിക്കുന്നവര്‍ കണ്ണൂരിലുമുണ്ട്. എം.വി. ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ഉന്മൂലനവാദികളെ അഴിഞ്ഞാടാന്‍ അനുവദിച്ചിരുന്നില്ല.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment