സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പണം

തൃശൂര്‍: കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കാത്ത സാംസ്‌കാരിക നായകരുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാഹിത്യ അക്കാഡമിയിലേക്ക് വാഴപ്പിണ്ടിയുമായി മാര്‍ച്ച് നടത്തി. സാംസ്‌കാരിക നായകര്‍ക്ക് നട്ടെല്ലില്ല എന്നാരോപിച്ചു പ്രതീകാത്മകമായി വാഴപ്പിണ്ടി സമര്‍പ്പിച്ചു.

ഡി.സി.സി. ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകരെ ജനകീയ വിചാരണയ്ക്ക് വിധേയരാക്കേണ്ട കാലം അതിക്രമിച്ചതായും അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന് പനിപിടിച്ചാല്‍ പോലും പ്രതിഷേധക്കുറിപ്പും കവിതയും എഴുതുന്നവര്‍ക്ക് രണ്ടു ദരിദ്ര കുടുംബങ്ങളുടെ കണ്ണുനീര്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ തൂലികകള്‍ ജനങ്ങള്‍ പിടിച്ചെടുത്ത് ഒടിച്ചുകളയണം.

ഇപ്പോള്‍ എഴുതാത്തവര്‍ ഇനി എഴുതാന്‍ യോഗ്യരല്ല. ഇപ്പോള്‍ മിണ്ടാത്തവര്‍ നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കാന്‍ അര്‍ഹരല്ലെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പണം എന്ന ബാനര്‍ അക്കാഡമിയുടെ ഫലകം പതിച്ച ബോര്‍ഡില്‍ പ്രതിഷേധക്കാര്‍ സ്ഥാപിച്ചു. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സുനില്‍ ലാലൂര്‍ അധ്യക്ഷത വഹിച്ചു.

pathram:
Related Post
Leave a Comment