നെഞ്ചിനുള്ളില്‍ തീയാണ് …!!! ഓരോ കണ്ണീര്‍ തുള്ളിക്കും മറുപടി നല്‍കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദയത്തില്‍ തീയാണെന്നു മോദി പറഞ്ഞു. വീരമൃത്യു വരിച്ച സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ കുമാര്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിക്കുകയാണ്. നിങ്ങളുടെ നെഞ്ചില്‍ തീയാളുന്ന പോലെ എന്റെ ഹൃദയത്തിലും തീയാണ്–- ബിഹാറിലെ സര്‍ക്കാര്‍ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തരുടെയും ഓരോ കണ്ണീര്‍തുള്ളിക്കും മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈന്യത്തെ വിശ്വാസത്തിലെടുത്തു ജനങ്ങള്‍ ക്ഷമ പാലിക്കണം. പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരുടെ ത്യാഗം വ്യഥാവിലാകില്ല.

ജവാന്‍മാരുടെ കുടുംബത്തോടൊപ്പം രാജ്യമുണ്ട്. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാന്‍ തോക്കുകളും ബോംബുകളും നല്‍കുന്നവരെയും വെറുതെ വിടില്ല.– പ്രധാനമന്ത്രി വ്യക്തമാക്കി. അതസമയം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരില്‍ പലയിടത്തും സംഘര്‍ഷം ഉടലെടുത്തു. ജമ്മുവിലെ പിഡിപി ഓഫിസ് പൊലീസ് സീല്‍ ചെയ്തു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണു പൊലീസ് നടപടി.

പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി എത്തുന്നതിനു തൊട്ടുമുന്‍പാണ് ഓഫിസ് പൂട്ടിയത്. കശ്മീരികള്‍ അക്രമിക്കപ്പെടുന്നതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങവെയാണ് പൊലീസ് നടപടിയുണ്ടായത്.

ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരായ നടപടികള്‍ കേന്ദ്രം ശക്തമാക്കി. പാക്കിസ്ഥാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ചുങ്കം ഇന്ത്യ 200 ശതമാനം വര്‍ധിപ്പിച്ചു. രാജ്യാന്തര തലത്തില്‍ നയന്ത്രപരമായി പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്.

pathram:
Related Post
Leave a Comment