കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഉരുത്തിരുഞ്ഞ യുദ്ധസമാന സാഹചര്യത്തില്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധപരിശീലനം നിര്‍ത്തിവച്ചു. യുദ്ധക്കപ്പലുകളോടു മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം തീരങ്ങളിലെത്തി പൂര്‍ണമായും ആയുധം നിറച്ചു സജ്ജമാകാന്‍ നിര്‍ദേശിച്ചെന്നാണു സൂചന.
ഒരു സംഘം കൊച്ചിയുടെ സമീപത്തും എതിര്‍സംഘം ചെന്നൈയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുമായാണ് അഭ്യാസത്തിനായി നിലയുറപ്പിച്ചിരുന്നത്. നാല്‍പതോളം യുദ്ധകപ്പലുകളുമായി നടന്നുവരുന്ന ട്രോപക്‌സ് എന്ന അഭ്യാസപ്രകടനമാണു നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.
ഈ കപ്പലുകളെല്ലാം തുറമുഖങ്ങളിലെത്തി പൂര്‍ണമായും ആയുധം ശേഖരിക്കാനും നിര്‍ദേശമുണ്ട്. മുംബൈയില്‍നിന്നു രാത്രിയോടെ നാലു യുദ്ധക്കപ്പലുകള്‍ വെടിക്കോപ്പുകള്‍ നിറച്ചു സജ്ജമായെന്നാണു റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണു ട്രോപക്‌സ് അഭ്യാസപ്രകടനം നടത്തുന്നത്. നേവിയുടെ എല്ലാ യുദ്ധകപ്പലുകളും പങ്കെടുക്കുന്ന അഭ്യാസത്തില്‍ രണ്ടായി തിരിഞ്ഞാണു പരിശീലനം. ജനുവരി 30ന് തുടങ്ങിയ അഭ്യാസപ്രകടനങ്ങള്‍ മാര്‍ച്ച് 14നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇതിന്റെ നിയന്ത്രണം മുഴുവന്‍ ഇത്തവണ കൊച്ചി നാവിക ആസ്ഥാനത്തു നിന്നായിരുന്നു.
എല്ലാ ആശയവിനിമയ സംവിധാനവും നിര്‍ത്തിവച്ച ശേഷം കപ്പലുകളെ തിരഞ്ഞുകണ്ടുപിടിക്കുന്ന യുദ്ധമുറയായിരുന്നു ഇപ്പോള്‍ നടന്നുകൊണ്ടിരുന്നത്. സാധാരണ യുദ്ധക്കപ്പലുകളില്‍ പൂര്‍ണമായി വെടിക്കോപ്പുകള്‍ നിറയ്ക്കാറില്ല. ഇത്തവണ പൂര്‍ണമായും വെടിക്കോപ്പുകള്‍ തുറമുഖങ്ങളില്‍നിന്നു ശേഖരിക്കാനാണു നിര്‍ദേശം. അവധിയിലുള്ള നാവികസേനാ ഉദ്യോഗസ്ഥരെല്ലാം മടങ്ങിയെത്താനും നിര്‍ദേശിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുന്ന കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും പണികളും അടിയന്തരമായി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് സേന.
Leave a Comment