ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പറപ്പെടുവിക്കാന്‍ നീക്കം

കൊച്ചി: ശബരിമല ആചാരസംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ശബരിമല യുവതീപ്രവേശനവിധി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതിവിധി തള്ളുകയാണെങ്കില്‍ ഇങ്ങനെയൊരു നീക്കം നടത്താമെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വങ്ങള്‍ എന്‍.എസ്.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
പുനഃപരിശോധന വേണ്ടെന്നാണു കോടതിയുടെ തീരുമാനമെങ്കില്‍ എന്‍.എസ്.എസ്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. അദ്ദേഹത്തിനു സമര്‍പ്പിക്കാനായി ഓര്‍ഡിനന്‍സിന്റെ കരട് തയാറാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ശബരിമല ആചാരങ്ങളുടെ വ്യത്യസ്തത എന്‍.എസ്.എസിനു വേണ്ടി സുപ്രീം കോടതിയില്‍ നിരത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്റെ മേല്‍നോട്ടത്തിലാണ് ഇത്. രണ്ടു തവണ അറ്റോര്‍ണി ജനറലായിരുന്ന അദ്ദേഹം ഭരണഘടനാ വിദഗ്ധനുമാണ്.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഓര്‍ഡിനന്‍സ് യാഥാര്‍ഥ്യമാക്കാനാണു ശ്രമം. എന്‍.എസ്.എസിന്റെ നീക്കത്തിനു വിവിധ ഹൈന്ദവ സംഘടനകളുടെയും സന്യാസി മഠങ്ങളുടെയും പന്തളം കൊട്ടാരം, ബ്രാഹ്മണ സഭ തുടങ്ങിയവരുടെയും പിന്തുണയുണ്ട്. ശിവഗിരി മഠത്തിന്റെ പിന്തുണയും ഉറപ്പാക്കിക്കഴിഞ്ഞു.
മൗലികാവകാശങ്ങള്‍ വ്യാഖ്യാനിച്ചുള്ള സുപ്രീം കോടതിവിധി നിയമനിര്‍മാണത്തിലൂടെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പഴുതുണ്ടെന്നാണ് എന്‍.എസ്.എസിന്റെ വിലയിരുത്തല്‍.

pathram:
Leave a Comment