ഏകദിന കരിയറിലെ നാലാം ലോകകപ്പ് ധോണി കളിക്കുമോ? ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരം മഹേന്ദ്രസിങ് ധോണിയായിരിക്കുമെന്ന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ്. ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രസാദിന്റെ പരാമര്‍ശം. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പര്യടനങ്ങളിലായി ധോണി ബാറ്റിങ്ങിലും ഫോം വീണ്ടെടുത്ത് സന്തോഷകരമായ കാര്യമാണെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. ഏകദിന കരിയറിലെ നാലാം ലോകകപ്പിനാണ് ഈ വര്‍ഷം ജൂലൈയില്‍ മുപ്പത്തിയെട്ടു വയസ്സു തികയുന്ന ധോണി തയാറെടുക്കുന്നത്.

ന്യൂസീലന്‍ഡിലും ഓസ്‌ട്രേലിയയിലും ധോണി കാഴ്ചവച്ച പ്രകടനത്തില്‍ തന്നെ എല്ലാം വ്യക്തമാണ്. തന്റെ സ്വാഭാവികമായ പ്രകടനം പുറത്തെടുക്കാന്‍ ധോണി തീരുമാനിച്ചിരിക്കുന്നു. ഇതാണ് നമുക്കെല്ലാം അറിയാവുന്ന ധോണി. തന്റെ ഉള്ളിലുള്ള സര്‍വ കരുത്തും ഉപയോഗിച്ച് നിര്‍ഭയത്വം മുഖമുദ്രയാക്കിയ ഷോട്ടുകള്‍ കളിക്കുന്ന ധോണിയെ വീണ്ടും കാണാന്‍ കഴിഞ്ഞാല്‍ വളരെ സന്തോഷം. ഇടയ്ക്ക് ലഭിച്ച അവസരങ്ങളുടെ കുറവുകൊണ്ട് നേടിയ റണ്‍സിലും ധോണി പിന്നോക്കം പോയിരിക്കാം. തുടര്‍ച്ചയായി കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ധോണി തന്റെ ‘ടച്ച്’ വീണ്ടെടുത്തതാണ് ഓസീസിലും കിവീസിലും നാം കണ്ടത്’ പ്രസാദ് പറഞ്ഞു.

‘ലോകകപ്പിനു മുന്‍പ് അദ്ദേഹം ഇനി ഐപിഎല്ലിലും കളിക്കുന്നുണ്ട്. അതായത് ആവേശമേറ്റുന്ന 1416 മല്‍സരങ്ങള്‍ കളിക്കാന്‍ ധോണിക്ക് ഇനിയും അവസരമുണ്ട്. അതും പ്രധാനപ്പെട്ടതാണ്. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡുമായി വീണ്ടെടുത്ത ഫോം നിലനിര്‍ത്താന്‍ ഐപിഎല്‍ ധോണിയെ സഹായിക്കും. അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്’ പ്രസാദ് വ്യക്തമാക്കി.

‘ധോണിയെ സംബന്ധിച്ച് രണ്ടു തലങ്ങള്‍ പരിഗണിക്കണം. വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും. വിക്കറ്റ് കീപ്പിങ്ങില്‍ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ഒരിക്കലും സംശയമുയര്‍ന്നിട്ടില്ല. ബാറ്റിങ്ങിന്റെ കാര്യത്തില്‍, ഇടക്കാലത്ത് ഫോം മങ്ങിയത് ചെറിയ ആശങ്കകള്‍ക്ക് കാരണമായിരുന്നു. എങ്കിലും കുറച്ച് മല്‍സരങ്ങള്‍ തുടര്‍ച്ചയായി കളിച്ചാല്‍ മാറാവുന്ന പ്രശ്‌നമേയുള്ളൂ എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇതെല്ലാ താരങ്ങളുടെയും കരിയറില്‍ സംഭവിക്കുന്നതാണ്.’

‘ധോണിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതാണ്. അദ്ദേഹത്തിന്റെ നല്ലകാലത്ത് നാം കണ്ടു പരിചയിച്ച, ഇഷ്ടപ്പെട്ട ആ പഴയ ധോണിയെയാണ് ഇപ്പോഴും നമ്മള്‍ അദ്ദേഹത്തില്‍ തിരയുന്നത്. അതേ ഫോമില്‍ കളിക്കാനാകാതെ വരുമ്പോള്‍, ധോണി പഴയ ധോണിയല്ല എന്നൊക്കെ നാം ആക്ഷേപിക്കും. അടുത്തിടെ നടന്ന പരമ്പരകള്‍ക്കായി ധോണി നടത്തിയ ഒരുക്കവും പുറത്തെടുത്ത പ്രകടനവും തീര്‍ച്ചയായും തൃപ്തികരമാണ്. ധോണിയെപ്പോലുള്ള ഇതിഹാസ താരങ്ങളോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. അവരില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അവര്‍ക്കുതന്നെ വ്യക്തമായി അറിയാം. പ്രതീക്ഷയ്‌ക്കൊത്തുയാരാനാവാതെ വരുമ്പോഴുള്ള നിരാശ ഊഹിക്കാവുന്നതല്ലേയുള്ളൂ’ പ്രസാദ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരം ധോണി തന്നെയായിരിക്കും. നായകനൊത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കി വിരാട് കോഹ്‌ലിയെ നയിക്കുന്നതിലായാലും യുവതാരങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കാര്യത്തിലായാലും ധോണിക്ക് വലിയൊരു റോള്‍ വഹിക്കാനുണ്ടെന്നും പ്രസാദ് പറഞ്ഞു.
അടുത്തിടെ നടന്ന രണ്ട് ട്വന്റി20 പരമ്പരകളില്‍ (വെസ്റ്റ് ഇന്‍ഡീസിലും ഓസ്‌ട്രേലിയയ്ക്കും എതിരെ) ധോണിയെ പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും പ്രസാദ് പറഞ്ഞു. ധോണിയോടും ടീം മാനേജ്‌മെന്റിനോടും സംസാരിച്ച് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതാണ്. ലോകകപ്പിന് മുന്‍പ് റിസര്‍വ് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അവസരം നല്‍കണമായിരുന്നു. അങ്ങനെ ദിനേഷ് കാര്‍ത്തിക്കിനും ഋഷഭ് പന്തിനും വിക്കറ്റ് കീപ്പറെന്ന നിലയില്‍ കുറച്ചു മല്‍സരപരിചയം സമ്മാനിക്കുന്നതിനാണ് ധോണിക്കു വിശ്രമം അനുവദിച്ചതെന്ന് പ്രസാദ് വ്യക്തമാക്കി.

ധോണിയുടെ വിരമിക്കല്‍ ഇതുവരെ ചര്‍ച്ചയില്‍പോലും വന്നിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. ലോകകപ്പിനു പിന്നാലെ ടീം വിടുന്ന കാര്യത്തെക്കുറിച്ചൊന്നും ഞങ്ങള്‍ സംസാരിച്ചിട്ടു പോലുമില്ല. ലോകകപ്പിന് സര്‍വ ഊര്‍ജവുമെടുത്ത് ഒരുങ്ങുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് ഉചിതമല്ലല്ലോ. ആദ്യം ലോകകപ്പ് കഴിയട്ടെ. ബാക്കി പിന്നീട്’ പ്രസാദ് പറഞ്ഞു.

pathram:
Related Post
Leave a Comment