ഇന്ത്യയുടെ തോവില്‍ക്ക് കാരണം അവസാന ഓവറിലെ ദിനേശ് കാര്‍ത്തിക്കിന്റെ പിഴവോ? സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 മത്സരത്തില്‍ ഇന്ത്യ നാലു റണ്‍സിന് തോറ്റപ്പോള്‍ നിര്‍ണായകമായത് അവസാന ഓവറിലെ ദിനേശ് കാര്‍ത്തിക്കിന്റെ പിഴവോ? . സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മില്‍ ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ രണ്ടു റണ്‍സെടുത്ത കാര്‍ത്തിക്ക് അടുത്ത പന്തില്‍ സ്‌കോര്‍ ചെയ്യാനായില്ല.

ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് വൈഡായിരുന്നെങ്കിലും അതിന് മുമ്പെ കാര്‍ത്തിക് ക്രീസില്‍ മൂവ് ചെയ്തതിനാല്‍ അമ്പയര്‍ വൈഡ് അനുവദിച്ചില്ല. അടുത്ത പന്തില്‍ ലോംഗ് ഓണിലേക്ക് അടിച്ച പന്തില്‍ സിംഗിളെടുക്കാതിരുന്ന കാര്‍ത്തിക്ക് കളി കൂടുതല്‍ സങ്കീര്‍ണമാക്കി. വാലറ്റക്കാരനല്ല, തൊട്ടു മുന്‍ ഓവറിലെ അവസാന പന്തില്‍ സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയ ക്രുനാല്‍ പാണ്ഡ്യയായിരുന്നു മറുവശത്ത്. എന്നിട്ടും കാര്‍ത്തിക്ക് സിംഗിളെടുക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചു.

എന്നാല്‍ അടുത്ത പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച കാര്‍ത്തിക്കിന് സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ചാം പന്തില്‍ ക്രുനാലും സിംഗിളെടുത്തു. അവസാന പന്തില്‍ ഒരു വൈഡ് ലഭിച്ചു. വീണ്ടുമെറിഞ്ഞപ്പോള്‍ അത് സിക്‌സറിന് പറത്തി കാര്‍ത്തിക് തോല്‍വിഭാരം നാലു റണ്‍സാക്കി കുറച്ചു. എന്നാല്‍ നഷ്ടമായ രണ്ടു പന്തുകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കളി ജയിക്കാമായിരുന്നു എന്നാണ് ഒരുവിഭാഗം ആരാധകരുടെ പക്ഷം.

മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ആദ്യം കാര്‍ത്തിക്കിന്റെ പിഴവിനെ വിമര്‍ശിച്ചുവെങ്കിലും പിന്നീട് അഭിനന്ദനവുമായി രംഗത്തെത്തി.

ഇന്ത്യക്ക് ലഭിച്ച അപൂര്‍വ പ്രതിഭയാണ് കാര്‍ത്തിക്കെന്നായിരുന്നു മഞ്ജരേക്കര്‍ മത്സരശേഷം പറഞ്ഞത്. ആദ്യ പന്തു മുതല്‍ ആക്രമിച്ചു കളിക്കാനുള്ള കാര്‍ത്തിക്കിന്റെ മികവിനെയും മഞ്ജരേക്കര്‍ പ്രകീര്‍ത്തിച്ചു.

pathram:
Related Post
Leave a Comment