കൊച്ചി: സിനിമാടിക്കറ്റുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 10 ശതമാനം വിനോദ നികുതിയില്‍ ഇളവ് വരുത്തിയേക്കും. സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സിനിമാ സംഘടനകള്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് നികുതി ഇളവ് പരിഗണിക്കാമെന്ന് പിണറായി വിജയന്‍ ഉറപ്പു നല്‍കിയത്. ഇക്കാര്യം പരിഗണിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഫെഫ്ക പ്രതിനിധി ബി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി.
എറണാകുളം ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നേതൃത്വത്തില്‍ സിനിമാസംഘടനകള്‍ നിവേദനം സമര്‍പ്പിച്ചത്. സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തിയത് സിനിമാ വ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജിഎസ്ടി നിലനില്‍ക്കെ ഇരട്ടനികുതി ഏര്‍പ്പെടുത്തുന്നത് നീതികരിക്കാനാകില്ലെന്നതാണ് സിനിമാസംഘടനകളുടെ പക്ഷം.
അതേസമയം ടിക്കറ്റ് ബുക്കിങ്ങിന്റെ പേരില്‍ നടക്കുന്ന കൊള്ളയടി അവസാനിപ്പിക്കുന്ന കാര്യത്തില്‍ എന്താകുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. ഓണ്‍ലൈന്‍ വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 30 രൂപ മുതല്‍ 60 രൂപവരെയും സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് 70 രൂപവരെയും കമ്മിഷനായി ഈടാക്കുന്ന കമ്പനിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഒട്ടേറെതവണ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നു മന്ത്രി ബാലന്‍ പ്രഖ്യാപിച്ചുവെങ്കിലും സര്‍ക്കാരില്‍ സ്വാധീനമുള്ള സംഘടനാനേതാവ് ഇടപെട്ടു തടയുകയായിരുന്നു. 100 രൂപയുടെ ടിക്കറ്റിനാണ് 60 രൂപവരെ കമ്മിഷന്‍ ഈടാക്കുന്നത്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഓരോ ടിക്കറ്റിനും കമ്മിഷന്‍ ഈടാക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിയറ്ററുകളില്‍ ഇ–ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ തിയറ്ററുകളില്‍ രണ്ടുവര്‍ഷം ഈ സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ തിയറ്ററുകളിലും ഇ–ടിക്കറ്റിങും ഒപ്പം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങും നടത്തുന്നതിനു കമ്പനിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ വിളിച്ചപ്പോഴും കെല്‍ട്രോണുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന ഈ കമ്പനിയെയാണു തിരഞ്ഞെടുത്തത്.
ഓരോ ടിക്കറ്റ് വില്‍ക്കുമ്പോഴും അതില്‍ നിന്ന് 5 രൂപ അപ്പോള്‍തന്നെ സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പെന്‍ഷനും ചികിത്സാസഹായവും നല്‍കുന്ന കലാകാരന്മാരുടെ ക്ഷേമനിധിയുടെ അക്കൗണ്ടിലേക്കുപോകും. ഓണ്‍ലൈന്‍വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പരമാവധി 10 രൂപ കമ്മിഷനായി ഈടാക്കും. ഇതില്‍ 5 രൂപ തിയറ്റര്‍ ഉടമയ്ക്ക്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താലും കമ്മിഷന്‍ 10 രൂപ കടക്കില്ല. മാത്രമല്ല, 5 വര്‍ഷം കഴിയുമ്പോള്‍ സോഫ്ട്‌വെയര്‍ ഉള്‍പ്പെടെ എല്ലാം സര്‍ക്കാരിനു നല്‍കും.
തിയറ്ററില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ 40% വര്‍ധനയുണ്ടാകുമെന്നാണ് ടെന്‍ഡര്‍ ഉറപ്പിക്കുന്ന സമയത്തു കണക്കാക്കിയിരുന്നത്. നിലവിലെ അവസ്ഥയില്‍ ഇത് ഉയരും. എന്നാല്‍ തിയറ്റര്‍ ഉടമകളുടെ സമരത്തിന്റെ മറവില്‍ കരാര്‍ മരവിപ്പിക്കുകയായിരുന്നു. കെല്‍ട്രോണിനു പങ്കാളിത്തമുള്ള കമ്പനിയുടെ ഓണ്‍ലൈന്‍ സംവിധാനം ജനകീയമാകുമെന്നു കണ്ടാണു സിനിമാരംഗത്തുള്ള നേതാവ് ഭരണസ്വാധീനം ഉപയോഗിച്ചു തകര്‍ത്തത്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിനു സര്‍ക്കാര്‍ കരാര്‍ ഉറപ്പിച്ച കമ്പനിക്കു പ്രവര്‍ത്തനാവകാശം നല്‍കണമെന്ന അഭിപ്രായമാണു നിര്‍മാതാക്കള്‍ക്കുള്ളത്. എന്നാല്‍ ഓണ്‍ലൈന്‍ ടിക്കറ്റിങ് മേഖലയിലെ വന്‍കിട കമ്പനി ഈ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ രംഗത്തുണ്ട്.
സിനിമാ സംഘടനാനേതാവും ഭരണത്തില്‍ സ്വാധീനവുമുള്ള ഒരാള്‍ വഴിയാണ് അവര്‍ ഇത്രനാളും പിടിച്ചുനിന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് അമിതതുക ഈടാക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടാല്‍ തുച്ഛമായ മുതല്‍മുടക്കില്‍ കോടികള്‍ കൊയ്യുന്ന കച്ചവടം തകരുമെന്ന് കമ്പനിക്ക് അറിയാം. അതിനാല്‍ വിഷയം വഴിതിരിച്ചുവിടാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണവരെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.