പാട്‌ന: റഫാല്‍ കരാറിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. മോദിയുടെ സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണം. സ്വന്തമായി ആരും ഇല്ലാത്ത മോദി ആര്‍ക്ക് വേണ്ടി യാണ് സ്വത്ത് സമ്പാദിക്കേണ്ടതെന്നും രാജ്‌നാഥ് സിങ് ചോദിച്ചു.
‘ആര്‍ക്ക് വേണ്ടിയാണ് മോദി സ്വത്ത് സമ്പാദിക്കേണ്ടതെന്ന് വിമര്‍ശനമുന്നയിക്കുന്നവര്‍ പറയണം. ഭാര്യക്ക് വേണ്ടിയാണോ.. കുട്ടികള്‍ക്ക് വേണ്ടിയോ.. ആരാണ് ഉള്ളത്.. പിന്നെ ആര്‍ക്കു വേണ്ടിയാണ്’ രാജ്‌നാഥ് സിങ് ചോദിച്ചു.
തന്നെ ഇക്കാര്യം ഏറെ വേദനിപ്പിക്കാറുണ്ട്. തനിക്ക് ഏറെ നാളായി മോദിയെ അറിയാം. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇനിയും ആരോപണങ്ങളുന്നയിക്കാം. പക്ഷെ അദ്ദേഹത്തിന്റെ സത്യസന്ധതയെയും ലക്ഷ്യത്തെയും ചോദ്യം ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ല. പ്രഥമ ദൃഷ്ടിയില്‍ അഴിമതി ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സത്യം പറയുന്നവരാകണം. ജനങ്ങളെ വഞ്ചിച്ച് നേട്ടമുണ്ടാക്കാന്‍ അവര്‍ ശ്രമിക്കരുത്.
ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് നരേന്ദ്ര മോദിക്ക് കീഴില്‍ തന്നെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രകടന പത്രിക തയ്യാറാക്കാനായി സംഘടിപ്പിച്ച ബുദ്ധിജീവികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
Leave a Comment