വെല്ലിങ്ടന്‍: ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്ന സൂചനയുമായി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നാലാം നമ്പറിലേക്ക് മാറ്റുന്ന കാര്യം ടീം ഗൗരവമായി പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി. ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും ശാസ്ത്രി പറഞ്ഞു.
‘ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ചിടത്തോളം, ലൈനപ്പില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാലും അവരെ കാര്യമായി ബാധിക്കില്ല. സാഹചര്യങ്ങള്‍ പരിഗണിച്ച് കോഹ്‌ലിയെപ്പോലൊരു താരത്തെ നാലാം നമ്പറിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ പരിഗണനയിലുണ്ട്. കോഹ്!ിക്കു പകരം മറ്റൊരു നല്ല താരത്തെ മൂന്നാം നമ്പറിലേക്കു കൊണ്ടുവന്നാല്‍ ടീമിനു കൂടുതല്‍ ബാലന്‍സ് ലഭിക്കും’ ശാസ്ത്രി അഭിപ്രായപ്പെട്ടു.
‘ഇത്തരമൊരു വഴക്കം ടീമിന് അത്യാവശ്യമാണ്. ലോകകപ്പ് പോലുള്ള വേദികളില്‍ ടീമിന് ഏറ്റവും അത്യാവശ്യം എന്താണെന്ന് മനസിലാക്കി ചില മാറ്റങ്ങള്‍ അനിവാര്യമായി വരും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യും’ ശാസ്ത്രി പറഞ്ഞു.
‘ലോകകപ്പ് പോലെ വലിയ വേദികളില്‍ ടീം 18/–3, 16/–4 എന്നിങ്ങനെ തകരുന്നത് ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ല. ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇതൊന്നും അത്ര വിഷയമല്ല. എന്നാല്‍ വലിയ ടൂര്‍ണമെന്റുകളില്‍ പ്രശ്‌നം തന്നെയാണു താനും. ലോകകപ്പ് മല്‍സരത്തില്‍ പിച്ച് ബോളര്‍മാര്‍ക്ക് അനുകൂലമാണെങ്കില്‍ എന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ വെറുതെ ബലിയാടാക്കേണ്ട കാര്യമുണ്ടോ?’ – ശാസ്ത്രി ചോദിച്ചു.
മൂന്നാം നമ്പറില്‍ അമ്പാട്ടി റായുഡു നല്ലൊരു ഓപ്ഷനാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. റായുഡുവിനോ അതുപോലൊരു താരത്തിനോ മൂന്നാം നമ്പറില്‍ കളിക്കാവുന്നതേയുള്ളൂ. കോഹ്‌ലി നാലാം നമ്പറിലും ബാറ്റ് ചെയ്യട്ടെ. ഓപ്പണിങ് സഖ്യത്തെ തൊടേണ്ട കാര്യം പോലുമില്ല. ടോപ് ത്രീയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതോടെ ബാറ്റിങ് ലൈനപ്പ് ശക്തമാകും’ ശാസ്ത്രി ചൂണ്ടിക്കാട്ടി.
Leave a Comment