റഫാല്‍ ഇടപാട്: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടല്‍, തെളിവുകള്‍ പുറത്ത്

ഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് സംബന്ധിച്ച തെളിവുകള്‍ പുറത്ത്. പ്രതിരോധമന്ത്രാലയത്തെ ഒഴിവാക്കിയാണ് ചര്‍ച്ച നടത്തിയത്. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങള്‍ ഒരു ദേശീയ മാധ്യമം പുറത്തുവിടുകയായിരുന്നു.
മുപ്പത്തിയാറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാന്‍സില്‍ പ്രഖ്യാപിച്ച ഉടനാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഡെപ്യൂട്ടി എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നത്.
2015 ഓക്ടോബര്‍ 23 ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസര്‍ ലൂയിസ് വാസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമര്‍ശമാണ് സമാന്തര ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടിയത്.
പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി ജി. മോഹന്‍കുമാര്‍ ഫയലില്‍ കുറിച്ചതായി രേഖകളെ ഉദ്ധരിച്ച് പത്രം പറയുന്നു. എന്നാല്‍ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

pathram:
Related Post
Leave a Comment