ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്നു തന്ത്രി

സന്നിധാനം: ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത്. മകരവിളക്കിനു നട തുറക്കുമ്പോള്‍ ശുദ്ധിക്രിയ നടത്താന്‍ നേരത്തേ നിശ്ചയിച്ചിരുന്നു. സുപ്രീം കോടതി വിധിക്കു നിരക്കാത്തതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണത്തില്‍ തന്ത്രി അറിയിച്ചു.

ദേവസ്വം കമ്മിഷണറുടെ നോട്ടിസിലെ ആരോപണങ്ങള്‍ക്കു അടിസ്ഥാനമില്ലെന്നും തന്ത്രി വ്യക്തമാക്കി. ആചാരപരമായി ശരിയായ നടപടിയാണു ചെയ്തത്. ശുദ്ധിക്രിയയ്ക്കു മുന്‍പ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നുവെന്നും തന്ത്രി വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ അറിവോടെയാണ് ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതെന്ന് എക്‌സിക്യൂട്ടീവ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യുവതീപ്രവേശം മുഖ്യമന്ത്രി സ്ഥിരീകരിച്ച ശേഷം തന്ത്രി തന്നെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെയും അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിച്ച് ആചാരപരമായ കാര്യങ്ങള്‍ നടത്തണമെന്നറിയിച്ചു. താന്‍ പുണ്യാഹവും ബിംബശുദ്ധിയും നടത്താന്‍ പോവുകയാണെന്നും ഇതു 45 മിനിറ്റിനകം പൂര്‍ത്തിയാക്കുമെന്നും തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫോണിലൂടെ അറിയിച്ചുവെന്നാണു കത്തില്‍ പറഞ്ഞിരുന്നത്.

pathram:
Related Post
Leave a Comment