ചെന്നൈ: കോളിവുഡില്‍ മീടൂ കാമ്പെയിന്‍ തുടങ്ങിവെച്ചത് ഗായിക ചിന്മയി ആണ്. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖര്‍ക്കെതിരേയും ചിന്‍മയി രംഗത്ത് വന്നു. ഈ തുറന്ന് പറച്ചില്‍ തുടരുമ്പോള്‍ സൈബര്‍ രംഗത്ത് തനിക്കെതിരേയുള്ള ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ് എന്ന് പറയുകയാണ് ചിന്‍മയിയിപ്പോള്‍. തന്റെ ചിത്രങ്ങള്‍ അശ്ലീല സെറ്റുകളില്‍ അപ്ലോഡ് ചെയ്ത് ആനന്ദം കണ്ടെത്തുന്നവരും അത് കണ്ട് മോശം സന്ദേശങ്ങളയക്കുന്നവരും ധാരാളം ഉണ്ടെന്ന് ചിന്‍മയി പറയുന്നു.
ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് പുതിയ തലമുറയ്ക്ക് മാതൃകയാകണമെന്ന ഉപദേശത്തിന് മറുപടി പറയുകയായിരുന്നു ചിന്‍മയി. ഞാന്‍ സാരി ധരിക്കുകയാണെങ്കില്‍ ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തി വൃത്തമിട്ട് അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്യും. അതിന് ശേഷം എന്റെ ചിത്രങ്ങള്‍ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് ആളുകള്‍ സന്ദേശങ്ങള്‍ അയക്കും. സാരിയുടുത്താലും ജീന്‍സിട്ടാലും എനിക്ക് ഇന്ത്യക്കാരിയായി ജീവിക്കാന്‍ കഴിയും സര്‍ ചിന്‍മയി ട്വീറ്റ് ചെയ്തു.
തുറന്ന് പറച്ചിലുകള്‍ക്ക് ശേഷം സിനിമയില്‍ തന്നെ അടിച്ചമര്‍ത്താന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിക്കുന്നുവെന്ന് ചിന്‍മയി വെളിപ്പെടുത്തിയിരുന്നു. സംഗീത രംഗത്ത് മാത്രമല്ല സിനിമയിലെ ഡബ്ബിങ് മേഖലയിലും ചിന്‍മയി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. നടന്‍ രാധാരവിക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാര നടപടിയായി തന്നെ ഡബ്ബിങ് മേഖലയില്‍ നിന്ന് പുറത്താക്കിയെന്ന് ചിന്‍മയി പറയുന്നു.
രാധാരവിയാണ് ഡബ്ബിങ് യൂണിയന്റെ മേധാവി. എന്നാല്‍ ചിന്‍മയി സൗത്ത് ഇന്ത്യ ടെലിവിഷന്‍ ഡബ്ബിങ് യൂണിയനിലെ അംഗമല്ലെന്നും ഒരു കലാകാരിയായത് കൊണ്ടാണ് ഇത്രയും കാലം ഡബ്ബ് ചെയ്യാന്‍ അനുവദിച്ചതെന്നും രാധാരവി പറയുന്നു. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 ല്‍ തൃഷക്ക് വേണ്ടിയാണ് ചിന്‍മയി അവസാനമായി ഡബ്ബ് ചെയ്തത്.