ബിജെപി സ്ഥാനാര്‍ഥി: മോഹന്‍ലാല്‍ ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ നടന്‍ മോഹന്‍ലാല്‍ ഇതുവരെ സമ്മതംമൂളിയിട്ടില്ല. തന്നെ മത്സരിപ്പിക്കുമെന്ന കഥകളെപ്പറ്റി ഒന്നും അറിയില്ലെന്ന് രാജ്യസഭാംഗമായ സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പിന് ബി.ജെ.പി. ചില മണ്ഡലങ്ങളെ താരപ്രഭയില്‍ മുക്കുമെന്ന പ്രചാരണത്തിനിടെയാണ് താരങ്ങളുടെ മനസ്സ് തുറക്കല്‍.

മോഹന്‍ലാല്‍ ബി.ജെ.പി.യിലേക്കെന്ന, തുടക്കത്തിലേ പ്രചരിച്ച അഭ്യൂഹം അദ്ദേഹത്തിന്റെ പേര് സ്ഥാനാര്‍ഥിപ്പട്ടികയിലേക്ക് എത്തിക്കുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ട്രസ്റ്റിന്റെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുമുതലാണ് ലാല്‍ ബി.ജെ.പി.യുമായി അടുക്കുന്നെന്ന പ്രചാരണമുയര്‍ന്നത്.

തിരുവനന്തപുരത്ത് മോഹന്‍ലാല്‍ മത്സരിച്ചാല്‍ വിജയിക്കുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തലെങ്കിലും കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ തിരക്കിലാണ് അദ്ദേഹം. മത്സരത്തിനുള്ള വിസമ്മതം നേരിട്ടല്ലാതെ പാര്‍ട്ടിയെ അദ്ദേഹം അറിയിച്ചതായാണ് വിവരം.

രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലെന്നു നേരത്തേതന്നെ ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയില്‍ പ്രധാനമന്ത്രി മുഖേന സമ്മര്‍ദം ചെലുത്തി മത്സരത്തിനിറക്കാനും നീക്കമുണ്ട്. സ്ഥാനാര്‍ഥിയാകില്ലെങ്കില്‍ രാജ്യസഭാംഗമാക്കണമെന്ന് പാര്‍ട്ടിയിലുയര്‍ന്ന ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല.

മോഹന്‍ലാലിനെപ്പോലെ തിരുവനന്തപുരത്ത് സുരേഷ്‌ഗോപിയുടെ പേരും ചര്‍ച്ചയാകുന്നുണ്ട്. പലര്‍ക്കൊപ്പം തന്റെ പേരും പ്രചരിക്കുന്നു എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്തും അദ്ദേഹത്തിന്റെ പേര് ഊഹപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

രാജ്യസഭാംഗമായി മൂന്നേകാല്‍ വര്‍ഷംകൂടി തുടരാനാവും. ആര്, എവിടെ മത്സരിക്കണമെന്നു തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രഖ്യാപിക്കുമ്പോഴേ എന്തു തീരുമാനവും ഞാന്‍ അറിയാവൂ. അതാണ് ശരിയും.

pathram:
Leave a Comment