കേന്ദ്ര സമീപനം സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി; ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: നവോത്ഥാനത്തിനും ലിംഗസമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന് ഗവര്‍ണര്‍ പി സദാശിവം. നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനത്തെയും വിമര്‍ശിച്ചു. ഫെബ്രുവരി ഏഴ് വരെയാണ് നിയമസഭാ സമ്മേളനം. ജനുവരി 31നാണ് സംസ്ഥാന ബജറ്റ്. ഇതിനു മുന്നോടിയായുള്ള നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നടത്തിയത്.

പ്രളയ സഹായം ഉയര്‍ത്തി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങിയത്. പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ എല്ലാത്തിനുമുള്ള ഉത്തരം തന്റെ പ്രസംഗത്തിലുണ്ടെന്ന് പറഞ്ഞു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു.

‘കേന്ദ്ര-സംസ്ഥാന ബന്ധത്തിലെ അനാരോഗ്യ പ്രവണതകള്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി. വിവിധരംഗങ്ങളില്‍ കേരളം നേടിയ പുരോഗതി ശിക്ഷയായി മാറുന്നു. മുന്‍കാലനേട്ടങ്ങള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയാണ്. സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസഹായങ്ങളില്‍ കുറവുണ്ടാകുന്നു. മുന്‍കാല നേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഈ സമീപനം കൊണ്ടെത്തിച്ചു’ഗവര്‍ണര്‍ പറഞ്ഞു.

‘ജാതീയതയുടെയും വര്‍ഗീയതയുടെയും കറുത്ത കാലത്ത് സര്‍ക്കാര്‍ പ്രതീക്ഷയുടെ വെളിച്ചമാണെന്നതില്‍ അഭിമാനിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഈ സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല മതനിരപേക്ഷതയും വൈവിധ്യവും കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.സാമൂഹിക നീതിയിലും ലിംഗസമത്വത്തിലും ഊന്നി നിന്നു കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്’. നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ മുന്നേറുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment