കേരളത്തില്‍ ഇടതുപക്ഷത്തിന് നാല് സീറ്റ് മാത്രം; യുപിഎയ്ക്ക് 16; എന്‍ഡിഎ – 0; പശ്ചിമ ബംഗാളിലും ഇടതുപക്ഷം നേട്ടമുണ്ടാക്കില്ല; സര്‍വേ ഫലം ഇങ്ങനെ…

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവിസി വോട്ടര്‍ സര്‍വേ ഫലം. 40.1 ശതമാനം വോട്ടുകള്‍ നേടി യുപിഎക്ക് 16 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ 19.7 ശതമാനം വോട്ട് നേടിയാലും എന്‍ഡിഎക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ല. എല്‍ഡിഎഫിന് 29.3 ശതമാനം വോട്ടുകള്‍ മാത്രമെ ലഭിക്കുകയുള്ളൂ.

2019 ലോക്‌സഭയില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് സീവോട്ടര്‍ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. എന്‍ഡിഎക്ക് മൊത്തം 233 സീറ്റുകളാണ് പ്രവചിക്കുന്നത്. യുപിഎക്ക് 167 സീറ്റുകളും മറ്റുള്ളവര്‍ക്ക് 143 സീറ്റുകള്‍ ലഭിക്കും.

പശ്ചിമ ബംഗാളിലും ഇടതുപക്ഷം തകര്‍ന്നടിയുമെന്ന് എബിപിസി വോട്ടര്‍ സര്‍വേ ഫലം പറയുന്നു. ഇവിടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും. ആകെയുള്ള 42 സീറ്റില്‍ 34 സീറ്റുകള്‍ തൃണമൂല്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തൃണമൂലിന് ബംഗാളില്‍ 34 സീറ്റാണുള്ളത്. അതേ സമയം ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്ന് കരുതിയ ബിജെപിക്ക് ഏഴ് സീറ്റുകളില്‍ കൂടുതല്‍ നേടാനാവില്ല. കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങും.

ബിഹാറില്‍ മഹാസഖ്യമായി മത്സരിക്കുന്ന കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് സര്‍വേ പ്രവചിക്കുന്നത്. അഞ്ച് സീറ്റില്‍ കൂടുതല്‍ മഹാസഖ്യം നേടില്ല. അതേ സമയം ബിജെപിജെഡിയു സഖ്യം 40ല്‍ 35 സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്കാണ് കനത്ത തിരിച്ചടി ഉണ്ടാകുക. എസ്പിബിഎസ്പി സഖ്യം 80ല്‍ 51 സീറ്റുകള്‍ നേടും. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് 25 സീറ്റുകളില്‍ കൂടുതല്‍ ഇവിടെ നിന്ന് ലഭിക്കില്ല. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ നാല് സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

മഹാരാഷ്ട്രയിലും എന്‍ഡിഎ സഖ്യത്തിന് തിരിച്ചടിയുണ്ടാകും. 48ല്‍ 28 സീറ്റുകള്‍ യുപിഎ നേടുമ്പോള്‍ 20 സീറ്റുകളിലേ എന്‍ഡിഎക്ക് ജയിക്കാനാവൂ. പഞ്ചാബില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്. ആകെയുള്ള 13 സീറ്റുകളില്‍ 12 ലും കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുമ്പോള്‍ ഒരു സീറ്റ് മാത്രമെ എന്‍ഡിഎക്ക് ലഭിക്കുകയുള്ളൂ.

ഗുജറാത്തില്‍ 26ല്‍ 24 സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ഇവിടെ രണ്ട് സീറ്റുകള്‍ മാത്രമെ കോണ്‍ഗ്രസിന് ലഭിക്കൂകയുള്ളൂ. ഗോവയില്‍ ആകെയുള്ള രണ്ട് ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഓരോന്ന് വീതം ലഭിക്കും.

ഒഡീഷയില്‍ 21 സീറ്റുകളില്‍ ബിജെപിക്ക് 12 സീറ്റുകള്‍ വരെ ലഭിച്ചേക്കും. അതേ സമയം ഭരണകക്ഷിയായ ബിജെഡിക്ക് ഒമ്പ്ത സീറ്റുകളെ ലഭിക്കുകയുള്ളൂവെന്നും സര്‍വേ പറയുന്നു.

അടുത്തിടെ ഭരണം നഷ്ടമായ മധ്യപ്രദേശില്‍ ബിജെപിക്ക് ആശ്വസിക്കാം. ലോക്‌സഭയില്‍ എന്‍ഡിഎക്ക് 23 സീറ്റുകള്‍ ലഭിക്കും. യുപിഎക്ക് ആറ് സീറ്റുകളെ ലഭിക്കൂ.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളില്‍ 14 സീറ്റുകള്‍ എന്‍ഡിഎ മുന്നണി നേടും. ഒമ്പത് സീറ്റുകള്‍ യുപിഎയും രണ്ടെണ്ണം മറ്റുള്ളവര്‍ക്കുമാണ് സാധ്യത കല്‍പ്പിക്കുന്നത്.

ഹരിയാനയിലെ 10 സീറ്റില്‍ എന്‍ഡിഎക്ക് ഏഴും യുപിഎക്ക് മൂന്നും സീറ്റുകള്‍ ലഭിക്കും. കര്‍ണാടകയില്‍ യുപിഎക്കും എന്‍ഡിഎക്കും 14 വീതം സീറ്റുകള്‍ ലഭിക്കും.

pathram:
Related Post
Leave a Comment