പ്രിയങ്കയുടെ വരവ് ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് രാഹുല്‍; രാഹുല്‍ പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി

ന്യൂഡല്‍ഹി: പ്രിയങ്കയുടെ നിയമനം തനിക്കും സന്തോഷമുള്ള കാര്യമാണെന്ന് രാഹുല്‍ഗാന്ധി. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനം ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, പ്രിയങ്കയുടെ നിയമനത്തോടെ രാഹുല്‍ ഗാന്ധി പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി പറഞ്ഞു. കോണ്‍ഗ്രസ് നയം കുടുംബത്തെ പ്രോത്സാഹിപ്പിക്കലാണെന്നും ബിജെപി വിമര്‍ശിച്ചു.

1999-ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച പ്രിയങ്ക ഗാന്ധി സജീവ പ്രവര്‍ത്തകയാകുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളില്‍ ഉത്തര്‍പ്രദേശ് എത്രത്തോളം നിര്‍ണ്ണായകമാണെന്ന് പ്രിയങ്കയുടെ നിയമനം ചൂണ്ടിക്കാട്ടുന്നു.

80 ലോക്സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ കഴിഞ്ഞ തവണ 2 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യു. പിയിലെ കിഴക്കന്‍ മേഖലകളുടെ ചുമതല നല്‍കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്വാധീന മേഖലകളിലേക്ക് കടന്നുകയറി വെല്ലുവിളി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. യു.പിയിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രിയങ്ക നേരത്തെ തന്നെ ഇടപെടുന്നുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി ഭാരവാഹിയായി പ്രിയങ്കയുടെ വരവ് യു. പിയില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുമെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ശുക്ല പറഞ്ഞു.

എസ്. പി, ബി. എസ്. പി സഖ്യത്തില്‍ ഉള്‍പ്പെടുത്താത്തത് അണികളില്‍ ഉടലെടുത്ത നിരാശ മറികടക്കാനും ഈ നിയമനം സഹായിക്കും. കാലങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമായ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനമാണ് യഥാര്‍ത്ഥ്യമായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും.

മോദിയുടെ മണ്ഡല മായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കാണ്. എഐസിസിയിലും ഇതോടൊപ്പം അഴിച്ചുപണി നടത്തി. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല കെ.സി വേണുഗോപാലിനാണ്. എറ്റവും അധികാരമുള്ള സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് കെ സി വേണുഗോപാലിനെ നിയമിച്ചിരിക്കുന്നത്. സംഘടനാ തലത്തിലെ നിയമന ചുമതല ഇതോടെ കെ.സി വേണുഗോപാലിന് ലഭിച്ചു. അശോക് ഗോലോട്ട് വഹിച്ചിരുന്ന ചുമതലയാണ് കെ സി വേണുഗോപാലിന് ലഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തെരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതിന് ഇത്തവണ അന്ത്യം കുറിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്ന് തന്നെയായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുക. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് രാഹുല്‍ ഗാന്ധി ഇവിടെ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മകള്‍ പ്രിയങ്കയ്ക്കു വേണ്ടി സോണിയ തന്നെ വഴിമാറി കൊടുക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്ന് പ്രിയങ്ക കൂടി തെരഞ്ഞെടുപ്പ് ഗോദയില്‍ വന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7