ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയം നേടാനായില്ലെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയം നേടാനായില്ലെന്ന് ബിജെപി. വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടം പൂര്‍ണ്ണ വിജയമായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.
നിരാഹാര സമരം നാളെ രാവിലെ പത്തരയോടെ അവസാനിപ്പിക്കാനും ബിജെപി തീരുമാനിച്ചു. 49ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. നിലവില്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂര്‍ണ്ണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും ജനപിന്തുണ ഏറിവരികയായിരുന്നു. പോരാട്ടം തുടരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് സി.കെ.പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പി.എം.വേലായുധന്‍, വി.ടി. രമ, പി.കെ.കൃഷ്ണദാസ് എന്നിവരും നിരാഹാരം അനുഷ്ഠിച്ചു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കുക, സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരെ കള്ള കേസെടുത്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം സമരം തുടങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7