ഓസിസിന് രണ്ടാം വിക്കറ്റ് നഷ്ടമായി

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഓസ്‌ട്രേലിയയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ഏകദിനത്തിലെ ഫോം തുടരുന്ന ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. ഉസ്മാന്‍ ഖവാജ 19 റണ്‍സോടെയും ഷോണ്‍ മാര്‍ഷ് 18 റണ്‍സോടെയും ക്രീസില്‍. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും ജയിച്ചതിനാല്‍ ഇന്നത്തെ മല്‍സരമാണ് പരമ്പര വിജയികളെ നിശ്ചയിക്കുക.

മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്ക്കായി വിജയ് ശങ്കര്‍ അരങ്ങേറ്റം കുറിക്കും. അമ്പാട്ടി റായിഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

മുന്‍നായകന്‍ ധോണിയുടെ പ്രകടനത്തിലും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫോമിലുമാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍. രോഹിത്തും ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയിരുന്നു. വെള്ളിയാഴ്ച മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ടെസ്റ്റിനൊപ്പം ഏകദിന പരമ്പരയിലും മുത്തമിടാം.

ഒന്നാം ഏകദിനത്തില്‍ പാര്‍ട്ട് ടൈം ബൗളറായെത്തിയ അമ്പാട്ടി റായുഡുവിന്റെ ആക്ഷന്‍ സംശയത്തിന്റെ നിഴലിലായതോടെ രണ്ടാംമത്സരത്തില്‍ പന്തെറിഞ്ഞില്ല. മൂന്നാം ഏകദിനത്തില്‍ ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതിനാല്‍ തന്നെയാണ് വിജയ് ശങ്കറും കേദാര്‍ ജാദവും ടീമില്‍ ഉള്‍പ്പെട്ടത്.

pathram:
Related Post
Leave a Comment