ധോണിക്ക് നില്‍ക്കാന്‍ പോലും വയ്യെന്ന് പറഞ്ഞ ഓസിസ് മാധ്യമത്തിന് പൊങ്കാലയിട്ട് ആരാധകര്‍

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച എം.എസ്. ധോണിയ്ക്ക് അഭിനന്ദനങ്ങള്‍ ഏറെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത ചൂടും മത്സരത്തിന്റെ സമ്മര്‍ദ്ദവുമെല്ലാം ധോണിയുടെ ഇന്നിങ്സിനെ ബാധിച്ചിരുന്നു. രണ്ടു വെല്ലുവിളികളേയും അതിജീവിച്ചാണ് അദ്ദേഹം ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. മത്സരത്തിനിടെ ധോണി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അഡ്ലെയ്ഡിലെ കാലാവസ്ഥയായിരുന്നു. കടുത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ചൂടിനേയും ഓസീസ് ബോളര്‍മാരേയും തന്റെ മനക്കരുത്തുകൊണ്ട് ധോണി മറി കടക്കുകയായിരുന്നു. ഇതോടെ അത്രയും നേരം ധോണിയെ കളിയാക്കിയവര്‍ക്ക് മറുപടി നല്‍കുന്നതിലേക്ക് തിരിഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ലോകം മൊത്തം പ്രശംസിക്കുമ്പോള്‍ ഇന്നലേയും ധോണിയെ പരിഹസിച്ച ഓസീസ് മാധ്യമമായ ടെലഗ്രാഫ് സ്പോര്‍ട്ടിനാണ് ആരാധകര്‍ മറുപടി നല്‍കിയിരിക്കുന്നത്.

കളിക്കിടെ നിര്‍ജലീകരണം കാരണം തളര്‍ന്ന് നിലത്തിരിക്കുന്ന ഫോട്ടോ ടെലഗ്രാഫ് ട്വീറ്റ് ചെയ്തിരുന്നു. ധോണിക്ക് ഇപ്പോള്‍ നില്‍ക്കാന്‍ പോലും വയ്യെന്നായിരുന്നു ടെലഗ്രാഫിന്റെ ട്വീറ്റ്. കളി കഴിഞ്ഞതും ടെലഗ്രാഫിന്റെ പേജിലേക്ക് ഓടിയെത്തിയ ധോണി ആരാധകര്‍ മാധ്യമത്തിന് ചുട്ട മറുപടി നല്‍കുകയാണ്. 10000 ല്‍ പരം റണ്‍സ് നേടിയിട്ടുള്ള, ഐസിസിയുടെ എല്ലാ കിരീടവും നേടിയ മഹാനായ താരത്തെ അവഹേളിക്കുന്നത് മാന്യതയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അവസാന ഓവറില്‍ സിക്സ് അടിച്ച് ഇന്ത്യയെ ജയിപ്പിക്കുന്ന ധോണിയെ ഒരിക്കല്‍കൂടി കണ്ടതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയെ പോലും മുക്കി കളയുന്നതായിരുന്നു 55 പന്തില്‍ ധോണി നേടിയ 54 റണ്‍സെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം വരെ ധോണിയെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമുള്ള മറുപടിയായിരുന്നു മുന്‍ നായകന്റെ പ്രകടനം.

pathram:
Related Post
Leave a Comment