ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആറു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അര്‍ധ സെഞ്ചുറി നേടിയ എം.എസ് ധോനിയുടെയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. നാലാം വിക്കറ്റില്‍ ഇരുവരും 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

108 പന്തില്‍ നിന്നാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോലിയുടെ 39-ാം ഏകദിന സെഞ്ചുറിയാണിത്. 112 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്സുമടക്കം 104 റണ്‍സെടുത്ത കോലിയെ റിച്ചാഡ്സണ്‍ പുറത്താക്കുകയായിരുന്നു.

ഫിനിഷറുടെ റോളിലേക്ക് മടങ്ങിയെത്തിയ ധോനി 54 പന്തില്‍ നിന്ന് രണ്ട് സിക്സറുകളടക്കം 55 റണ്‍സെടുത്തു. ബൗണ്ടറികളൊന്നും ഇല്ലാതെയായിരുന്നു ധോനിയുടെ ഇന്നിങ്സ്. മെല്ലെപ്പോക്കിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായി ധോനിയുടെ ഈ ഇന്നിങ്സ്. അവസാന ഓവറില്‍ സിക്സടിച്ച ധോനി സ്‌കോര്‍ ഒപ്പമെത്തിച്ചു. പിന്നാലെ സിംഗിളോടെ വിജയവും. ധോനിക്കൊപ്പം 25 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്ക് പുറത്താകാതെ നിന്നു.

ഓസീസ് ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ തകര്‍ത്തടിച്ച് മുന്നേറിയ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 28 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 32 റണ്‍സെടുത്ത ധവാനെ ബെഹ്റന്‍ഡോഫ് പുറത്താക്കുകയായിരുന്നു. പിന്നാലെ നിലയുറപ്പിച്ചു കളിച്ച രോഹിത്തിനെ (43) പുറത്താക്കി സ്റ്റോയിനിസ് ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ ഇന്നിങ്‌സ് മുന്നോട്ടു നയിക്കുന്നതിനിടെ അമ്പാട്ടി റായിഡുവിനെ മാക്‌സ്‌വല്‍ വീഴ്ത്തി. 36 പന്തില്‍ നിന്ന് 24 റണ്‍സെടുത്താണ് റായിഡു പുറത്തായത്.

അതിനിടെ അഡ്ലെയ്ഡിലെ 47 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടോടെ രോഹിത്തും ധവാനും ഇന്ത്യയ്ക്കായി ഓപ്പണിങ്ങില്‍ 4000 റണ്‍സ് പിന്നിട്ടു. ഏകദിനത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ 4000 റണ്‍സ് പിന്നിടുന്ന നാലാമത്തെ ബാറ്റിങ് ജോഡിയാണിത്.

pathram:
Related Post
Leave a Comment