പദ്ധതികള്‍ വൈകുന്നത് കുറ്റകരമാണ്; പൊതുഖജനാവ് ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കില്ല: പ്രധാനമന്ത്രി

കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ‘കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ .. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു .. ബഹുമാനിക്കുന്നു … ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ താന്‍ അനുഗ്രഹീതനായി’ – അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിവിധ പദ്ധതികള്‍ പുരോഗമിക്കുകയാണ്. എല്ലാ പദ്ധതികളുടെയും പുരോഗതി വിവിധ മന്ത്രാലയ സെക്രട്ടിമാരുടെയും സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും സാന്നിധ്യത്തില്‍ താന്‍ വിലയിരുത്താറുണ്ട്. പദ്ധതികള്‍ വൈകുന്നത് കുറ്റകരമാണ്. പൊതുഖജനാവ് ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കില്ല.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റോഡുകളുടെ നിര്‍മ്മാണം മുന്‍സര്‍ക്കാരിന്റെ കാലത്തേതിനെക്കാള്‍ ഇരട്ടിയായി. രാജ്യത്തെ 90 ശതമാനം ഗ്രാമങ്ങളെയും റോഡുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. നൂറ് ശതമാനം ഗ്രാമങ്ങളെയും റോഡുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യം ഉടന്‍ സാക്ഷാത്കരിക്കും. റോഡുകള്‍ക്ക് പുറമെ റെയില്‍വേയ്ക്കും ജലഗതാഗതത്തിനും കേന്ദ്രസര്‍ക്കാര്‍ അതീവ പ്രാധാന്യമാണ് നല്‍കുന്നത്. ആഭ്യന്തര വിമാനയാത്രാ സൗകര്യം വര്‍ധിച്ചു. പുതിയെ റെയില്‍വെ ട്രാക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ആശ്രാമം മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.

pathram:
Related Post
Leave a Comment