മൂന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: ബി.ജെ.പി വീണ്ടും ഓപ്പറേഷന്‍ താമര നടപ്പാക്കുന്നുവെന്ന ആരോപണവുമായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി മൂന്ന് കേണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു.

‘സംസ്ഥാനത്ത് രാഷ്ട്രീയ കുതിക്കച്ചവടമാണ് നടക്കുന്നത്. ഞങ്ങളുടെ മൂന്ന് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലില്‍ ബി.ജെ.പി നേതാക്കന്മാര്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുകയാണ്. അവിടെ എന്താണ് നടക്കുന്നതെന്നും എത്ര രൂപയാണ് അവര്‍ക്ക് ഓഫര്‍ കൊടുത്തിട്ടുള്ളതെന്നുമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട് ഡി.കെ ശിവകുമാര്‍ ആരോപിച്ചു.

നമ്മുടെ മുഖ്യമന്ത്രി വളരെ സൗമ്യനായ വ്യക്തിയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചൊക്കെ അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്. ബി.ജെ.പിയുടെ കളികള്‍ കാത്തിരുന്ന് കാണാം എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. താനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുമായിരുന്നു. ഈ കളിയില്‍ ബി.ജെ.പി വിജയിക്കാന്‍ പോകുന്നില്ല.

മകര സംക്രാന്തിക്ക് ശേഷം വിപ്ലവമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നമുക്ക് നോക്കാം. കൂറുമാറ്റ നിരോധന നിയമം ഉള്ളതിനാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. എങ്കിലും വിഷയത്തെ കുറിച്ച് തങ്ങള്‍ക്ക് ധാരണയുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി. എന്നാല്‍ ശിവകുമാറിന്റെ ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചു. കോണ്‍ഗ്രസ് തങ്ങളുടെ കഴിവുകേടും തമ്മിലടിയും മറച്ചുപിടിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

2008 കാലത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെ പ്രലോഭിപ്പിച്ച് മറുകണ്ടം ചാടിക്കാനായി നടത്തിയ ശ്രമങ്ങളാണ് ഓപ്പറേഷന്‍ ഓപ്പറേഷന്‍ താമര എന്നപേരില്‍ അറിയപ്പെടുന്നത്. കര്‍ണാടക രാഷ്ട്രീയത്തില്‍ ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെ തടഞ്ഞ് സര്‍ക്കാരിനെ രക്ഷിച്ചെടുത്ത ചാണക്യനായാണ് ഡി.കെ ശിവകുമാര്‍ അറിയപ്പെടുന്നത്. റിസോര്‍ട്ട് രാഷ് ട്രീയത്തിലൂടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്.

pathram:
Related Post
Leave a Comment