ന്യൂഡല്‍ഹി: ഇന്ത്യയുടെ അമ്പതോളം സൈനികര്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ ഒരുക്കിയ ഹണി ട്രാപ്പില്‍ കുടുങ്ങിയതായി സൂചന. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവരിലൂടെ ഐഎസ്‌ഐ ചോര്‍ത്തിയതായാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഒരു സൈനികനെ അറസ്റ്റ് ചെയ്തു. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചു. ഹരിയാന സ്വദേശിയായ സോംബിര്‍ ആണ് അറസ്റ്റിലായത്. 50 ഓളം പേര്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയ വിവരം ന്യൂസ് 18 ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫെയ്‌സ്ബുക്ക് വഴിയാണ് ഈ സൈനികന്‍ ഹണി ട്രാപ്പില്‍ കുരുങ്ങിയത്. ഐ.എസ്.ഐയുടെ ചാരവനിത അനിക ചോപ്ര എന്ന എന്ന പ്രൊഫൈല്‍ വഴിയാണ് സൈനികനുമായി അടുപ്പം സ്ഥാപിച്ചത്. ഒരു യുവതിയുടെ ഫോട്ടോയും ഈ പ്രൊഫൈലില്‍ ഉണ്ടായിരുന്നു. മെസ്സഞ്ചര്‍ വഴി ഈ പ്രൊഫൈലുമായി ചാറ്റിങ് പതിവാക്കിയ സൈനികന്‍ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ടതും തന്റെ യൂണിറ്റുമായി ബന്ധപ്പെട്ടതുമായ വിവരങ്ങള്‍ കൈമാറുകയായിരുന്നു. ഈ പ്രൊഫൈല്‍ വഴി തന്നെ വേറെയും അമ്പതോളം സൈനികര്‍ ഹണി ട്രാപ്പില്‍ പെട്ടുവെന്നാണ് വിവരം. ഇവരെ ഇന്റലിജന്‍സ് ചോദ്യം ചെയ്തുവരികയാണ്.
ഇത്തരത്തില്‍ കൂടുതല്‍ സൈനികര്‍ ട്രാപ്പില്‍ പെട്ടിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനായി ശക്തമായ സംവിധാനങ്ങള്‍ ഒരുക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. സൈന്യത്തിന്റെ നഴ്‌സിങ് വിഭാഗത്തില്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള ജീവനക്കാരിയാണ് എന്ന വ്യാജേനെയാണ് ചാരവനിത സൈനികരെ സമീപിച്ചിരുന്നത്. പരിചയപ്പെട്ട ഉടനെ എവിടെയാണ് ജോലി എന്നും സൈനിക ക്യാമ്പിന്റെ ഫോട്ടോ അയക്കാമോ എന്നൊക്കെ ചോദിക്കുന്ന ഇവര്‍ പിന്നീട് തന്ത്രപ്രധാന രഹസ്യങ്ങളും ചോര്‍ത്തുകയായിരുന്നു.
യുവതികളെ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനം പണ്ടുമുതലേ ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമായതോടെ ഇത് കൂടുതല്‍ എളുപ്പമായിരിക്കുകയാണ്. നേരത്തെയും നിരവധി സൈനികര്‍ ഇത്തരത്തിലുള്ള കെണിയില്‍ വീണിരുന്നു. കരസേന മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവര്‍ ഹണി ട്രാപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.