ബൗളിങ് ആക്ഷന്‍; അമ്പാട്ടി റായുഡു സംശയനിഴലില്‍

മുംബൈ: ബോളിങ് ആക്ഷന്റെ പേരില്‍ ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു സംശയനിഴലില്‍. സിഡ്‌നി ഏകദിനത്തിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് മാച്ച് ഒഫീഷ്യല്‍സ് ഐസിസിക്കു റിപ്പോര്‍ട്ടു നല്‍കിയത്. നടപടിക്രമമനുസരിച്ച് ഇനി 14 ദിവസത്തിനുള്ളില്‍ റായുഡു ബോളിങ് ആക്ഷന്റെ കാര്യത്തില്‍ പരിശോധനയ്ക്കു വിധേയനാകണം. പരിശോധനാ ഫലം വരുന്നതുവരെ റായുഡുവിനു ബോളിങ് തുടരാംഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തില്‍ ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും അമ്പേ പരാജയപ്പെട്ട റായുഡുവിന് കനത്ത തിരിച്ചടിയാണ് ബോളിങ് ആക്ഷന്റെ പേരിലുള്ള നടപടി. മല്‍സരത്തില്‍ 289 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യന്‍ നിരയില്‍ പൂജ്യത്തിനു പുറത്തായ താരമാണ് റായുഡു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നാലു റണ്‍സെന്ന നിലയിലേക്കു പതിച്ച ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയാണ് റായുഡുവും നേരിട്ട രണ്ടാം പന്തില്‍ത്തന്നെ ‘സംപൂജ്യ’നായി മടങ്ങിയത്.
ജേ റിച്ചാര്‍ഡ്‌സന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയ റായുഡു, ഇന്ത്യയുടെ ഏക റിവ്യൂ അവസരം അനാവശ്യമായി വിനിയോഗിച്ച് നഷ്ടമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പിന്നീട് ധോണിയെ ഇല്ലാത്ത ഔട്ടിലൂടെ പുറത്താക്കിയപ്പോള്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം ഇന്ത്യയ്ക്കു പുനഃപരിശോധിക്കാനുമായില്ല.
അതിനു മുന്‍പ് ഇന്ത്യ ഫീല്‍ഡ് ചെയ്യുന്ന അവസരത്തില്‍ ബൗണ്ടറിക്കരികെ ഒരു ക്യാച്ചും റായുഡു നഷ്ടമാക്കിയിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് നല്‍കിയ അല്‍പം ബുദ്ധിമുട്ടേറിയ ക്യാച്ച് അവസരമാണ് റായുഡു പാഴാക്കിയത്. സിഡ്‌നി ഏകദിനത്തില്‍ പാര്‍ട് ടൈം സ്പിന്നറായ റായുഡു രണ്ട് ഓവറുകളാണ് ബോള്‍ ചെയ്തത്. 13 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. ഇതുവരെ 46 ഏകദിനങ്ങളില്‍നിന്ന് മൂന്നു വിക്കറ്റ് മാത്രമാണ് റായുഡുവിന്റെ സമ്പാദ്യം

pathram:
Related Post
Leave a Comment