സിഡ്‌നി: ഓസ്‌ട്രേലിക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരമ്പരയിലെ മൂന്നാം സെഞ്ചുറി നേടി ചേതേശ്വര്‍ പൂജാര. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മായങ്ക് അഗര്‍വാളിന്റെയും ബാറ്റിംഗ് മികവില്‍ ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്താണ് ഇന്ത്യ ക്രീസ് വിട്ടത്. 130 റണ്‍സുമായി പൂജാരയും 39 റണ്‍സുമായി ഹനുമാ വിഹാരിയും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.
സിഡ്‌നിയിലും ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കെ എല്‍ രാഹുലാണ് മായങ്കിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഒരിക്കല്‍ കൂടി രാഹുല്‍(9)തുടക്കത്തിലേ മടങ്ങി. 10 റണ്‍സെ അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. എന്നാല്‍ വണ്‍ഡൗണായി എത്തിയ പൂജാരക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ട മായങ്ക് നഥാന്‍ ലിയോണിനെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ 77 റണ്‍സെടുത്ത് പുറത്തായി.
126/2 എന്ന സ്‌കോറില്‍ പൂജാരയ്ക്ക് കൂട്ടായി വിരാട് കോലി ക്രീസിലെത്തി. മികച്ച തുടക്കമിട്ട കോലിയെ(23) ലെഗ് സ്റ്റംപിന് പുറത്തുപോയൊരു പന്തില്‍ ഹേസല്‍വുഡ്, ടിം പെയ്‌നിന്റെ കൈകകളിലെത്തിച്ചു. 180 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍. രഹാനെയും(18) നല്ല തുടക്കമിട്ടെങ്കിലും സ്റ്റാര്‍ക്കിന്റെ അതിവേഗ ബൗണ്‍സറില്‍ വീണു.
പിന്നാലെ എത്തിയ ഹനുമാ വിഹാരിയില്‍ പൂജാര മികച്ച പങ്കാളിയെ കണ്ടെത്തിയതോടെ ഇന്ത്യ സുരക്ഷിത തീരത്തേക്ക് നീങ്ങി. ഇതിനിടെ പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റ് കരിയറിലെ പതിനെട്ടാമത്തെയും സെഞ്ചുറിയും പൂജാര സ്വന്തം പേരില്‍ കുറിച്ചു. ഓസീസിനായി ഹേസല്‍വുഡ് രണ്ട് വിക്കറ്റെടുത്തു.
Leave a Comment