സിഡ്‌നി: ഓസ്‌ട്രേലിയക്കും ന്യുസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ കളിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തെ ഏകദിന ലോകപ്പിനായി ബുംറയെ കരുതിവയ്ക്കാനാണ് തീരുമാനം. പരമ്പരയിലെ നിര്‍ണായക മത്സരങ്ങളില്‍ മാത്രം കളിപ്പിക്കുന്ന കാര്യവും ടീം മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ലോകകപ്പിന് മുന്‍പ് ഇന്ത്യ 13 ഏകദിനങ്ങളിലാണ് കളിക്കുക.
മെല്‍ബണ്‍ ടെസ്റ്റില്‍ ബുംറയുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. രണ്ട് ഇന്നിംഗ്‌സിലുമായി 86 റണ്‍സിന് ഒന്‍പത് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഈ വര്‍ഷം ഒന്‍പത് ടെസ്റ്റില്‍ നിന്ന് 48 വിക്കറ്റും സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ താരമെന്ന റെക്കോര്‍ഡും ബുംറ സ്വന്തമാക്കിയിരുന്നു.
അതേസമയം ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാന്‍ ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പെടെയുള്ള പേസ് ബോളര്‍മാരെ ഐപിഎല്ലില്‍ കളിപ്പിക്കരുതെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നിര്‍ദ്ദേശത്തിനെതിരേ തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി രംഗത്തെത്തി. പേസ് ബോളര്‍മാര്‍ എളുപ്പം പരുക്കിനു കീഴടങ്ങുന്നതിനാല്‍ ഇന്ത്യന്‍ പേസ് ബാറ്ററിയുടെ കുന്തമുനകളായ ജസ്പ്രീത് ബുമ്രയെയും ഭുവനേശ്വര്‍ കുമാറിനെയും ഐപിഎല്‍ കളിക്കുന്നതില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു കോഹ്‌ലിയുടെ ആവശ്യം. ഇംഗ്ലണ്ടിലെ പിച്ചുകള്‍, പേസ് ബോളര്‍മാരുടെ മികവ് എന്നിവ വിലയിരുത്തിയാണു ഈ രണ്ടുപേരുടെ കാര്യത്തില്‍ കോഹ്ലിയുടെ നിര്‍ദേശം.
അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെയാണ് ഐപിഎല്‍ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ച അനശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടക്കുമോയെന്നും ഉറപ്പില്ല. ഇന്ത്യയില്‍ അനുകൂല സാഹചര്യമില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ മല്‍സരങ്ങള്‍ നടത്താനും നീക്കമുണ്ട്. ജൂണ്‍ അഞ്ചിനാണു ഇംഗ്ലണ്ടിലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മല്‍സരം. അതായത് ഐപിഎല്‍ ഫൈനലും ഇന്ത്യയുടെ ആദ്യ മല്‍സരവും തമ്മിലുള്ള വ്യത്യാസം 17 ദിവസം മാത്രമാണ്. അതുകൊണ്ടാണ് കോഹ്ലി ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വച്ചത്.
എന്നാല്‍ കോഹ്ലിയുടെ ഈ അഭിപ്രായത്തോട് ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘ഒരു മല്‍സരത്തില്‍ നാല് ഓവര്‍ ബോള്‍ ചെയ്യുന്നത് ആരെയും ക്ഷീണിതരാക്കില്ല. സത്യത്തില്‍ ഈ നാല് ഓവറുകള്‍ ബോളറുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കരുത്തു വര്‍ധിപ്പിക്കുകയാണു ചെയ്യുക. യോര്‍ക്കറുകള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കാനും ബോളിങ്ങിലെ വേരിയേഷന്‍സ് കൃത്യമാക്കാനും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികവോടെ പന്തെറിയാനും ഇതു ബോളര്‍മാരെ സഹായിക്കും. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ എല്ലാ മല്‍സരങ്ങളും ഇവര്‍ കളിക്കണം എന്നാണ് എന്റെ അഭിപ്രായം. നിയന്ത്രിക്കേണ്ടത് കഴിക്കുന്ന ഭക്ഷണവും മറ്റു ജീവിതക്രമങ്ങളുമാണ്.’
ലോകകപ്പില്‍ ഏറ്റവും മികവോടെ പന്തെറിയേണ്ടവരാണ് ബോളര്‍മാരെന്ന് ധോണി ചൂണ്ടിക്കാട്ടി. കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് ഐപിഎല്‍ എന്ന് എനിക്കു പലകുറി തോന്നിയിട്ടുണ്ട്. കാരണം അവിടെ നമുക്ക് ഒരുപാടു സമയം കിട്ടും. മൂന്നു ദിവസം കൂടുമ്പോള്‍ മൂന്നര മണിക്കൂര്‍ മാത്രമാണ് ഐപിഎല്ലില്‍ ഒരാള്‍ കളിക്കേണ്ടി വരിക. അപ്പോള്‍ കൂടുതല്‍ സമയം ജിംനേഷ്യത്തിലും മറ്റും ചെലവഴിക്കാന്‍ നമുക്കു സാധിക്കും’ധോണി ചൂണ്ടിക്കാട്ടി.
അതേസമയം, ബോളര്‍മാരെ പരുക്കില്‍നിന്നു സംരക്ഷിച്ചുനിര്‍ത്തേണ്ടതും അത്യാവശ്യമാണെന്നു ധോണി സമ്മതിച്ചു. ബോളര്‍മാരെ കളിപ്പിക്കാതിരുന്നാല്‍ എല്ലാവരും പറയും, അവരെ നമ്മള്‍ വെറുതെയിരുത്തി നശിപ്പിച്ചു എന്ന്. ഇനി കളിപ്പിച്ചാലോ, ഊര്‍ജം മുഴുവന്‍ ഐപിഎല്ലില്‍ കളഞ്ഞു എന്നു പറയും. ഈ രണ്ടു ഘടകങ്ങളും പരിഗണിച്ച് അനുയോജ്യമായൊരു പരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നും ധോണി പറഞ്ഞു.
അതേസമയം, കോഹ്‌ലി മുന്നോട്ടുവച്ച നിര്‍ദേശം രോഹിത് ശര്‍മ അപ്പോള്‍ത്തന്നെ നിരാകരിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുകയും ബുമ്ര കളിക്കാന്‍ ഫിറ്റുമാണെങ്കില്‍ തങ്ങള്‍ ബുമ്രയെ ഫീല്‍ഡിലിറക്കുമെന്ന് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ തുറന്നടിച്ചിരുന്നു. ടീം കോച്ച് ശാസ്ത്രിയുടെ പിന്തുണയോടെ കോഹ്‌ലി മുന്നോട്ടുവച്ച നിര്‍ദേശത്തെ ഐപിഎല്‍ ടീമുകള്‍ പിന്താങ്ങിയിരുന്നില്ല. കളിക്കാര്‍ക്കു വിശ്രമം വേണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ബിസിസിഐക്കുമില്ല.
Leave a Comment