കൊച്ചി: അന്തരിച്ച മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കണമെന്ന് ബ്രിട്ടോ ഭാര്യ സീനയോട് പറഞ്ഞിരുന്നതായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.രാജീവ് അറിയിച്ചു. തന്റെ മൃതദേഹത്തില്‍ റീത്ത് വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചത്. ഇന്ന് രാത്രിയോടെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിയിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം ഉച്ചയ്ക്ക് മൂന്നോടെ മൃതദേഹം കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിന് കൈമാറും.
എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സൈമണ്‍ ബ്രിട്ടോ ആക്രമണ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. ലോകോളേജ് വിദ്യാര്‍ഥിയായിരിക്കേ 1983ല്‍ ആക്രമിക്കപ്പെട്ട ബ്രിട്ടോ പിന്നീടുള്ള ജീവിതം വീല്‍ചെയറിലാണ് കഴിച്ചുകൂട്ടിയത്. അരയ്ക്കു താഴെ തളര്‍ന്നുപോയെങ്കിലും തുടര്‍ന്നും പൊതുരംഗത്ത് സജീവമായിരുന്നു അദ്ദേഹം. 20062011 കാലത്ത് നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു.
Leave a Comment