തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മോദി സര്‍ക്കാറിന് തിരിച്ചറിവ്; പാചകവാതക വില വീണ്ടും കുറച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ കുറവ്. സബ്‌സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്. പുതിയ നിരക്ക് പ്രകാരം സബ്‌സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ് ഡല്‍ഹിയിലെ വില.

ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കുറയ്ക്കുന്നത്. നേരത്തെ ഡിസംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിണ്ടറിന് 6.52 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും വില കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ പാചകവാതകത്തിന്റെ വില കുറഞ്ഞതും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് ഉയര്‍ന്നതുമാണ് വില കുറയാന്‍ കാരണമായത്.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വന്‍ പരാജയമാണ് കേന്ദ്ര സര്‍ക്കാര്‍ പാചക വാതക വില വര്‍ധന അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തതെന്നാണ് സൂചന. പെട്രോള്‍, ഡീസല്‍ വിലയിലും അനുദിനം കുറവുണ്ടായിക്കൊണ്ടിരിക്കുകയാണ്. 80 രൂപയും കടന്ന് കുതിച്ച പെട്രോള്‍ വില തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 10 രൂപയോളം കുറഞ്ഞു. ഡീസല്‍ വിലയിലും കുറവുണ്ട്. രാജ്യത്തെ സാധാരണക്കാരെ വന്‍തോതില്‍ ബുദ്ധിമുട്ടിലാക്കിയ രീതിയിലായിരുന്നു ഡീസല്‍, പെട്രോള്‍, പാചക വാതകവില വര്‍ധന ഉണ്ടായിക്കൊണ്ടിരുന്നത്. എന്തായാലും അല്‍പ്പം ആശ്വാസം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങള്‍.

pathram:
Related Post
Leave a Comment