വനിതാ മതില്‍ ഇന്ന്; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മനുഷ്യച്ചങ്ങല ലണ്ടനില്‍ ; മുംബൈയിലും വനിതകള്‍ രംഗത്ത്

ലണ്ടന്‍: പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടത്തുന്ന വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലണ്ടനില്‍ മനുഷ്യച്ചങ്ങല. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടും തണുപ്പിനെ അവഗണിച്ച് നൂറിലേറെ പ്രവര്‍ത്തകര്‍ ചങ്ങലയുടെ ഭാഗമായി.

ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടന സമീക്ഷയുടെയും വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ക്രാന്തി, ചേതന, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരും അണിചേര്‍ന്നു.

വനിതാ മതിലിനു ഐകദാര്‍ഢ്യവുമായി മുംബൈയിലും വനിതകള്‍ കൈകോര്‍ക്കുന്നുണ്ട്. ഭരണ ഘടനാ ശില്പിയായ ഡോ അംബേദ്കറിന്റെ സമാധിയായ ചൈത്യഭൂമിയില്‍ നിന്നാണ് ഐക്യദാര്‍ഢ്യ വനിതാ ചങ്ങല ആരംഭിക്കുന്നത്.

മലയാളികളും ഇതരഭാഷക്കാരും ചേര്‍ന്ന് രൂപവത്കരിച്ച ‘വിമന്‍ വോള്‍ സോളിഡാരിറ്റി ഫോറ’ത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ദാദര്‍ ചൈത്യഭൂമിയില്‍ അശോക സ്തംഭത്തിനടുത്ത് നിന്ന് എസ് വി എസ് റോഡിലേക്കും അവിടെ നിന്ന് ഫുട്പാത്തിലൂടെ ശിവാജി പാര്‍ക്കിന്റെ ദിശയിലേക്കായിരിക്കും വനിതാ ചങ്ങല സംഘടിപ്പിക്കുന്നത്.

പ്രസിദ്ധ മറാത്തി എഴുത്തുകാരി പ്രജ്ഞാ ദയാ പവാര്‍ ചെയര്‍പേഴ്‌സനായ കമ്മിറ്റിയുടെ കണ്‍വീനര്‍ മുംബൈയിലെ മുതിര്‍ന്ന മലയാളി സാമൂഹിക പ്രവര്‍ത്തക രുക്മിണി സാഗറാണ്. ഐ.ഐ.ടി. മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മുംബൈ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഇതിന്റെ ഭാഗമാകും. ദാദര്‍ വെസ്റ്റിലെ ചൈത്യഭൂമിയിലെ അശോകസ്തംഭത്തിനടുത്തുനിന്ന് എസ്.വി.എസ്. റോഡിലേക്കും അവിടെനിന്ന് ശിവാജി പാര്‍ക്കിന്റെ ദിശയിലും വനിതാ ചങ്ങല നീളും. ഡോ. അംബേദ്കറിന്റെ പ്രതിമയില്‍ ഹാരമണിയിച്ചശേഷമായിരിക്കും വനിതാ ചങ്ങല ആരംഭിക്കുക.

ഇന്നലെ വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി എത്തിയിരുന്നു. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുഹാസിനി പിന്തുണ അറിയിച്ചത്. ജനുവരി ഒന്നാം തിയ്യതി പുതുവത്സരം മാത്രമല്ലെന്നും വനിതാ മതില്‍ നിര്‍മ്മിക്കുന്ന ദിവസമാണെന്നും സുഹാസിനി വീഡിയോയില്‍ പറയുന്നു. സിമന്റ് കൊണ്ടോ ബ്രിക്‌സ് കൊണ്ടോ അല്ല വനിതാ മതില്‍ നിര്‍മ്മിക്കുന്നത്. കൈകള്‍ കോര്‍ത്ത് വനിതകളാണ്. കേരളത്തെ ഭ്രാന്താമാക്കാതിരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും ഇതില്‍ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു.

നേരത്തെ നടി മഞ്ജുവാര്യര്‍ വനിതാ മതിലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇത് വന്‍ വിവാദമാകുകയും ചെയ്തു. ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് രാഷ്ട്രീയ പരിപാടിയായതിനാല്‍ പിന്മാറുന്നതായും പറഞ്ഞ മഞ്ജുവിനെതിരേ വന്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

pathram:
Leave a Comment