വനിതാ മതിലില്‍ അണിചേരാന്‍ ഗൗരിയമ്മയും

ആലപ്പുഴ: വനിതാമതിലിനു പിന്തുണയുമായി കെ.ആര്‍. ഗൗരിയമ്മ. നാളെ നടക്കുന്ന വനിതാ മതിലില്‍ ഗൗരിയമ്മ ആലപ്പുഴയില്‍ അണിചേരും. മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തിയാണു ഗൗരിയമ്മയെ ക്ഷണിച്ചത്. സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്നു ഗൗരിയമ്മ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണു താന്‍ വന്നതെന്ന ആമുഖത്തോടെയാണു മന്ത്രി ജി. സുധാകരന്‍ സംസാരിച്ചുതുടങ്ങിയത്. പറഞ്ഞുതീരുംമുന്‍പേ താന്‍ വനിതാമതിലിനൊപ്പമുണ്ടാകുമെന്നു ഗൗരിയമ്മയുടെ മറുപടി. ദേശീയപാതയില്‍ ശവക്കോട്ടപ്പാലത്തിനു സമീപം എത്തിക്കാനാണു സംഘാടകരുടെ ശ്രമം.
വനിതാമതിലിനു പിന്തുണയേകിയുള്ള സന്ദേശം ഗൗരിയമ്മ സുധാകരനു കൈമാറി. പക്ഷേ, അതു വായിച്ചുതീര്‍ക്കും മുന്‍പേ സ്ഥലംകാലിയാക്കാന്‍ മന്ത്രിയോടും മാധ്യമപ്രവര്‍ത്തകരോടും പതിവു രീതിയില്‍ ഗൗരിയമ്മ ഒച്ചയിട്ടു.

അതേസമയം വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാരിന്റെ പിന്തണയോടെ വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍എസ്എസിന്റെ നിലപാട് തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

വനിതാ മതിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ. സര്‍ക്കാരിന്റെ പണം ഇല്ലാതെതന്നെ പരിപാടി നടത്താന്‍ കഴിയുന്ന സംഘടനകളാണ് വനിതാ മതിലിനു പിന്നിലുള്ളത്. സര്‍ക്കാരിന്റെ യാതൊരുവിധ സാമ്പത്തിക സഹായങ്ങളും മതിലിനില്ല. മതിലിന് മറ്റുതരത്തിലുള്ള പിന്തുണ നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. വനിതാ മതിലില്‍ ആരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വയം ബോധ്യമുള്ള വനിതകള്‍മാത്രം പങ്കെടുത്താല്‍ മതിയെന്നും കോടിയേരി പറഞ്ഞു.

മന്നത്തു പത്മനാഭന്‍ യാഥാസ്ഥിതികതകള്‍ക്കെതിരെ പോരാടിയ നവോത്ഥാന നേതാവാണ്. പിന്നീട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ വന്ന പലരും മന്നത്തിന്റെ നവോത്ഥാന നിലപാടുകള്‍ പിന്‍തുടര്‍ന്നില്ല. വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ എന്‍എസ്എസില്‍നിന്ന് പുറത്താക്കും എന്ന എന്‍എസ്എസിന്റെ നിലപാട് ശരിയല്ല. അത് സമദൂര നയത്തിന് വിരുദ്ധമാണ്. ആ നിലപാട് തിരുത്തും എന്നാണ് കരുതുന്നത്. സംഘടന എന്ന നിലയില്‍ എന്‍എസ്എസിനോട് ശത്രുതാപരമായ നിലപാടില്ലെന്നും അവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് മടിയില്ലെന്നും കോടിയേരി പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല ഉന്നയിക്കേണ്ടത്. അതുകൊണ്ട് സ്ത്രീ സമത്വത്തിനുള്ള പോരാട്ടം സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചാണ് ഏറ്റെടുക്കുന്നത്. മതിലില്‍ സ്ത്രീകള്‍ മാത്രമായിരിക്കും പങ്കെടുക്കുക. എന്നാല്‍ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ പുരുഷന്‍മാര്‍ രംഗത്തുണ്ടാകും. ഇടതു വശത്ത് സ്ത്രീകള്‍ക്കും വലതു വശത്ത് പുരുഷന്‍മാര്‍ക്കും നില്‍ക്കാം. കേരളത്തില്‍ ചില ഇടങ്ങളില്‍ മാത്രം വനിതാ മതിലിന് പിന്‍തുണ നല്‍കിക്കൊണ്ട് പുരുഷന്‍മാരും മതില്‍ തീര്‍ക്കുമെന്നും കോടിയേരി വ്യക്തമാക്കി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment