കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വന്‍കിട ഹോട്ടലുകളും ഫ്‌ലാറ്റുകളിലും മറ്റും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങള്‍ അതിരുകടക്കുന്നുണ്ടോ എന്ന നോക്കാന്‍ ആഘോഷങ്ങളിലേയ്ക്കു കടക്കുമ്പോള്‍ മുക്കിലും മൂലയിലും സാന്നിധ്യമായി ഷാഡോ പൊലീസ്. മദ്യപിച്ച് അടിപിടി ഉണ്ടാക്കുന്നവരെയും വാഹനം ഓടിക്കുന്നവരെയും മുതല്‍ ലഹരിയുമായി ചുറ്റിക്കറങ്ങുന്നവരെ വരെ പിന്തുടര്‍ന്ന് പൊലീസിന്റെ നിഴലുണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസ് നല്‍കുന്ന വിവരം. നഗരത്തില്‍ പുതുവര്‍ഷ ആഘോഷത്തിനായി ലഹരി എത്തുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ ഡ്യൂട്ടിയുള്ള സ്‌ക്വാഡ് രൂപീകരിച്ചാണു പരിശോധന ശക്തമാക്കിയിരിക്കുന്നതെന്ന് എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ. ചന്ദ്രപാലന്‍ അറിയിച്ചു. വന്‍കിട ഫ്‌ലാറ്റുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളിലെ ലഹരി മരുന്നു വില്‍പനയാണ് മാഫിയ ലക്ഷ്യമിടുന്നത്. ഇതിനെ എങ്ങനെയും തടയുന്നതിനായി മാസങ്ങള്‍ക്കു മുന്നേ പൊലീസും എക്‌സൈസും രംഗത്തുണ്ട്.
പുതുവര്‍ഷത്തോടനുബന്ധിച്ചു നാല്‍പതിലധികം ഡിജെ പാര്‍ട്ടികള്‍ കൊച്ചിയില്‍ നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ നിയമവിരുദ്ധമായ ഡിജെ പാര്‍ട്ടികളെ തടയുന്നതിനാണ് പൊലീസ് തീരുമാനം. സംശയ സാഹചര്യത്തില്‍ നടക്കുന്ന എല്ലാ ആഘോഷങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഫ്‌ലാറ്റ് പരിസരങ്ങളിലും ഷാഡൊ പൊലീസ് നിരീക്ഷണം ശക്തമാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും മാസങ്ങളായി ലഹരി കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍. ഇന്നലെ ഫോര്‍ട്ട് കൊച്ചിയില്‍ യുവാക്കള്‍ അനധികൃതമായി കടത്തുകയായിരുന്ന ലിറ്റര്‍ കണക്കിന് ബിയര്‍ എക്‌സൈസ് പിടികൂടിയിരുന്നു. ഡിജെ പാര്‍ട്ടിക്കായി കൊണ്ടുപോകുകയായിരുന്നു ഇതെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ സുരക്ഷിതമായ പുതുവര്‍ഷ ആഘോഷം ലക്ഷ്യമിട്ട് 1500ല്‍ പരം പൊലീസുകാരെയാണു വിന്യസിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ വരെ പൊലീസ് നിരീക്ഷണം ശക്തമായിരിക്കും. അനുമതിയില്ലാതെ പൊതു സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പടക്കം പൊട്ടിക്കുന്നതിനും വിലക്കുണ്ട്. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവരെ കണ്ടെത്തുന്നതിനും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതു തടയുന്നതിനും പൊലീസ് കര്‍ശന നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. ബീച്ചുകളിലും പാര്‍ക്കുകളിലും കാമറ ഉള്‍പ്പടെയുള്ള സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഫോര്‍ട്ട്‌കൊച്ചിയില്‍ നടക്കുന്ന ആഘോഷങ്ങളുടെ മുന്നോടിയായി ദിവസങ്ങള്‍ക്കു മുന്നേ പൊലീസ് തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കയ്യേറ്റക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു കലക്ടര്‍ മുന്‍കൈ എടുത്ത് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇവിടെ വിദേശത്തുനിന്നെത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. മുന്‍ അനുഭവങ്ങള്‍ വച്ച് അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ എന്തെങ്കിലും അതിക്രമമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും പൊലീസ് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Leave a Comment