മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുമ്പോള്‍ പരിശീലകന് പറയാനുള്ളത്

ബംഗലൂരു: മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുമ്പോള്‍ പരിശീലകന് പറയാനുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനൊരുങ്ങുകയാണ് മായങ്ക് അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ പ്രകടനത്തിന് പ്രതിഫലമായാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുന്നത്. മായങ്കിനെക്കുറിച്ച് ആരാധകര്‍ക്ക് അധികമൊന്നും അറിയാത്ത ചില രഹസ്യങ്ങള്‍ മൈ നേഷനുമായി പങ്കുവെക്കുകയാണ് കോച്ച് ഇര്‍ഫാന്‍ സേഠ്.
പത്തൊമ്പതാം വയസില്‍ ഹൊബാര്‍ട്ടില്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനായി ഓസ്‌ട്രേലിയക്കെതിരെ മായങ്ക് സെഞ്ചുറി നേടിയിരുന്നു. അന്ന് ആദ്യ പന്തില്‍ മായങ്ക് ബൗള്‍ഡായെങ്കിലും ബെയില്‍സ് വീഴാതിരുന്നതിനാല്‍ പുറത്തായില്ല. ആ മത്സരത്തില്‍ മായങ്ക് 160 റണ്‍സടിച്ചുവെന്ന് ഇര്‍ഫാന്‍ സേഠ് പറഞ്ഞു. 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചശേഷം നാട്ടില്‍ തിരിച്ചെത്തിയ മായങ്കിന് കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റ് സ്വീകരണം നല്‍കിയപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത് തന്റെ ഡ്രൈവറെ സ്റ്റേജിലേക്ക് വിളിക്കുകയായിരുന്നു.
ഈ മനുഷ്യനില്ലായിരുന്നെങ്കില്‍ ഞാന്‍ സമയത്തിന് ഒരു ഗ്രൗണ്ടിലും എത്തില്ലെന്നായിരുന്നു മായങ്ക് അന്ന് പറഞ്ഞത്. മോഡേണ്‍ ക്രിക്കറ്റ് ക്ലബ്ബിനായി ആദ്യ ലീഗ് മത്സരം കളിക്കുന്നതിന് ഒരാഴ്ച മുമ്പ് വൈദ്യുതി പോസ്റ്റിലിടിച്ച് മായങ്കിന്റെ ഇടതു കണ്ണിന് താഴെ ആഴത്തില്‍ മുറിവേറ്റു. വലിയൊരു മുറിവായിരുന്നു അത്. അതിന്റെ പാട് ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്തുണ്ട്. പരിക്കേറ്റിട്ടിട്ടും ആദ്യ മത്സരം കളിക്കണമെന്ന് മായങ്ക് നിര്‍ബന്ധം പിടിച്ചു. ആ മത്സരത്തില്‍ കളിക്കുകയും സെഞ്ചുറി അടിക്കുകയും ചെയ്തു മായങ്ക് എന്ന് ഇര്‍ഫാന്‍ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയിട്ടും ഇന്ത്യന്‍ ടീമിലേക്ക് വിളി വരാത്തതില്‍ നിരാശനായിരുന്നപ്പോള്‍ മായങ്കിനോട് ഞാന്‍ ഒന്നേ പറഞ്ഞിട്ടുള്ളു, എപ്പോഴും സന്തോഷവാനായിരിക്കുക, സ്വാഭാവിക കളി പുറത്തെടുക്കുക. മെല്‍ബണിലും മായങ്ക് അത് ചെയ്താല്‍ അദ്ദേഹത്തിന് റണ്‍സ് നേടാന്‍ പിന്നെ മുന്നില്‍ തടസങ്ങളൊന്നുമില്ലെന്നും പരിശീലകന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment