പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മ്മ നോബോളുകളില്‍ നിന്ന് രക്ഷപെട്ടത് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇശാന്ത് നോ ബോള്‍ എറിഞ്ഞെങ്കിലും ഫീല്‍ഡ് അംപയര്‍ കണ്ടില്ല. ഇക്കാര്യത്തെ കുറിച്ച് ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇശാന്തിന്റെ പ്രതികരണം ഇതായിരുന്നു.
‘ഞാനല്ല, ചിലപ്പോള്‍ നിങ്ങള്‍ മാധ്യമങ്ങളാണ് ഇതിന് ഉത്തരം പറയോണ്ടത്. ഞാന്‍ ഏറെക്കാലമായി ക്രിക്കറ്റ് കളിക്കുന്നു. ഇക്കാര്യങ്ങളൊക്കെ സംഭവിക്കുക സ്വാഭാവികം. നമ്മളെല്ലാവരും മനുഷ്യന്‍മാരാണ്. തെറ്റുകള്‍ വരുത്തും. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ ആകുലതകളില്ല’. വാര്‍ത്താസമ്മേളനത്തില്‍ ഇശാന്ത് ശര്‍മ്മ പറഞ്ഞു.’വിരാട് കോലിയും അജിങ്ക്യ രഹാനെയും ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത്. ശക്തമായ നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. മൂന്നാം ദിനവും കോലി- രഹാനെ സഖ്യം മികവ് തുടരുമെന്നാണ് പ്രതീക്ഷയെന്നും’ ഇശാന്ത് കൂട്ടിച്ചേര്‍ത്തു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ 326 റണ്‍സിന് പുറത്തായിരുന്നു.
അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇശാന്ത് തുടര്‍ച്ചയായി ആറ് നോബോളുകള്‍ എറിഞ്ഞത് അംപയര്‍ കണ്ടില്ലെന്നും ഇത് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായെന്നും റിക്കി പോണ്ടിംഗ് ആഞ്ഞടിച്ചിരുന്നു. ഒരു ഓവറിലെ ആറ് പന്തുകളും ലൈന്‍ കടന്നാണ് ഇശാന്ത് എറിഞ്ഞത് എന്നായിരുന്നു പോണ്ടിംഗിന്റെ ആരോപണം.
Leave a Comment