തിരുവനന്തപുരം: ദില്ലിക്കെതിരെ നിര്‍ണായക രഞ്ജി മത്സരത്തില്‍ കേരളം 320ന് പുറത്ത്. മറുപടി ബാറ്റിങ് ആരംഭിച്ച ദില്ലി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ദ്രുവ് ഷോറേ (26), വൈഭവ് റാവല്‍ (18) എന്നിവരാണ് ക്രീസില്‍. ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, ജലജ് സക്‌സേന എന്നിവരാണ് കേരളത്തിന് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്.
സാര്‍തക് രഞ്ജന്‍ (4), ഹിതന്‍ ദലാല്‍ (0), ജോണ്ടി സിദ്ധു (2) എന്നിവരുടെ വിക്കറ്റുകളാണ് ദില്ലിക്ക് നഷ്ടമായത്. സാര്‍തകിനെ സന്ദീപ് വാര്യര്‍ വി.എ ജഗദീഷിന്റെ കൈകളിലെത്തിച്ചു. ദലാലിനെ ബേസില്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദ് പിടികൂടി. വൈഭവ് ജലജ് സക്സേനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഒന്നാം ദിനം ഏഴിന് 291ന് എന്ന നിലയിലാണ് കേരളം കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം 29 റണ്‍സ് നേടുന്നതിനിടെ കേരളത്തിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. വിനൂപ് 77 റണ്‍സെടുത്തു. ജലജ് സക്സേന 68 റണ്‍സുമായി പുറത്തായി. വാലറ്റത്ത് ബേസില്‍ തമ്പിയുടെ 23 റണ്‍സാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ ഓപ്പണര്‍ രാഹുല്‍ 77 റണ്‍സെടുത്തിരുന്നു. ദില്ലിക്കായി ശിവം ശര്‍മ ആറ് വിക്കറ്റെടുത്തു.
നേരത്തെ വി.എ ജഗദീഷ് (0), വത്സന്‍ ഗോവിന്ദ് (4), സഞ്ജു സാംസണ്‍ (24), സച്ചിന്‍ ബേബി (0), വിഷ്ണു വിനോദ് (23) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ റണ്‍സൊന്നുമെടുക്കാത്ത ജഗദീഷിനെ ആകാശ് സുദന്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദി (4)നെ വികാസ് മിശ്ര പുറത്താക്കി. വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് വത്സന്‍ പുറത്തായത്. അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ കേരള ടീമിലെത്തിച്ചത്. എന്നാല്‍ ബാറ്റ് കൊണ്ട് യുവതാരത്തിന് തിളങ്ങാനായില്ല.
പിന്നാലെ എത്തിയ സഞ്ജു സാംസണ്‍, രാഹുലുമൊത്തുളള കൂട്ടുക്കെട്ട് കേരളത്തെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും, സഞ്ജു ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 24 റണ്‍സെടുത്ത സഞ്ജു ശിവം ശര്‍മയുടെ പന്തില്‍ ദ്രുവ് ഷോറെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 61 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. അതേ ഓവറില്‍ തന്നെ സച്ചിന്‍ ബേബിയേയും മടക്കി അയച്ച് ശിവം ശര്‍മ കേരളത്തിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.
വിഷ്ണു വിനോദ്(24) നന്നായി തുടങ്ങിയെങ്കിലും ശിവാങ്ക് വഷിസ്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. രാഹുലിനെ ശിവം ബൗള്‍ഡാക്കുകയും ചെയ്തതോടെ കേരളം 155/6 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തിയെങ്കിലും സക്സേന-വിനൂപ് സഖ്യം കേരളത്തെ കരകയറ്റുകയായിരുന്നു. തമിഴ്‌നാടിനെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. കെ.ബി. അരുണ്‍ കാര്‍ത്തിക്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ പുറത്തുപോയപ്പോള്‍ വത്സന്‍ ഗോവിന്ദ്, വിനൂപ് എന്നിവര്‍ ടീമിലെത്തി.
Leave a Comment