രവി ശാസ്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഗംഭീര്‍; രഹാനേയും പൂജാരയും രോഹിത് ശര്‍മ്മയുമെല്ലാമുണ്ട്; എല്ലാ ക്രെഡിറ്റും കോലിക്ക് മാത്രം കൊടുക്കരുതെന്നും താരം

ഡല്‍ഹി: വിജയത്തിന്റെ എല്ലാ ക്രെഡിറ്റും വിരാട് കോലിക്ക് കൊടുക്കരുതെന്ന് ഗൗതം ഗംഭീര്‍. അജിങ്ക്യ രഹാനേയും ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മ്മയുമെല്ലാമുണ്ട്. എല്ലാവര്‍ക്കും ക്രെഡിറ്റ് കൊടുക്കണം. ക്യാപ്റ്റനില്‍ മാത്രം ക്രെഡിറ്റ് ഒതുങ്ങുമ്പോള്‍ അത് മറ്റു താരങ്ങളുടെ പ്രകടനത്തെ ബാധിക്കും. ഞങ്ങള്‍ ഇത്ര നന്നായി കളിച്ചിട്ടും ക്രെഡിറ്റ് കോലിക്ക് മാത്രമേയുള്ളു എന്ന് അവര്‍ നിരാശപ്പെടും. അതുകൊണ്ടുതന്നെ ഈ ട്രെന്‍ഡ് ഇല്ലാതാക്കണം. ഗംഭീര്‍ വ്യക്തമാക്കുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ മനസ്സുതുറന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയെയും രൂക്ഷമായ ഭാഷയില്‍ ഗൗതം ഗംഭീര്‍ വിമര്‍ശിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനടയിലെ ഇന്ത്യയുടെ മികച്ച ടീമാണ് ഇപ്പോഴുള്ളത് എന്ന ചോദ്യത്തിന് ഗംഭീറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘രവി ശാസ്ത്രി അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. ഓസ്ട്രേലിയയില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്സ് വിജയത്തിന് അപ്പുറം ശാസ്ത്രി കരിയറില്‍ എന്ത് നേട്ടമാണുണ്ടാക്കിയത്. നിങ്ങളുടെ ശ്രമഫലമായി ഒരു വിജയവുമുണ്ടായിട്ടില്ലെങ്കില്‍ ഇത്തരം പ്രസ്താവനകള്‍ നല്‍കുന്നത് അവസാനിപ്പിക്കണം. രവി ശാസ്ത്രിക്ക് ഇന്ത്യയുടെ റെക്കോഡുകള്‍ അറിയില്ല. മുന്‍കാലങ്ങളിലെ പരമ്പരകള്‍ അദ്ദേഹം കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്.’ ഗംഭീര്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടയിലാണ് രവി ശാസ്ത്രി ഇങ്ങനെയൊരു പ്രതികരണം നടത്തിയിരുന്നത്. ഇത് ഒട്ടും പക്വതയില്ലാത്ത പ്രസ്താവനയാണ്. നിങ്ങള്‍ 4-1ന് വിജയിക്കുകയാണെങ്കിലും വിദേശത്ത് പര്യടനം നടത്തുന്ന ഏറ്റവും മികച്ച ടീമാണ് എന്ന് നിങ്ങള്‍ അവകാശവാദം ഉന്നയിക്കരുത്. നിങ്ങള്‍ അപ്പോഴും വിനയത്തോടെ സംസാരിക്കണം. മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ വിജയം പ്രചോദനമാകുമെന്നാണ് പറയേണ്ടത്. ശാസ്ത്രിയുടെ ഈ പ്രസ്താവന ആളുകള്‍ ഗൗരവമായി എടുക്കരുത്. ഗംഭീര്‍ അഭിമുഖത്തില്‍ പറയുന്നു. രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, എം.എസ് ധോനി. വിരാട് കോലി എന്നിവരുടെ കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച ക്യാപ്റ്റനായി തോന്നിയത് അനില്‍ കുംബ്ലയെ ആണെന്നും ഗംഭീര്‍ വ്യക്തമാക്കി. ഏറ്റവും സത്യസന്ധമായി ടീമിനെ നയിക്കുന്ന കുംബ്ലെയില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു.കുംബ്ലെ ക്രിക്കറ്റ് എന്ന പ്രൊഫഷനെ സത്യസന്ധ്യമായി സമീപിക്കുന്ന താരമാണ്. ബാറ്റ്സ്മാന്‍ എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും ഞാന്‍ മാച്ച് വിന്നറായി കാണുന്നത് അനില്‍ കുംബ്ലെയാണ്. ഇങ്ങനെയൊരു ഇതിഹാസ താരത്തെ ഇത്തരത്തില്‍ പരിചരിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അതിലും വലിയൊരു അപമാനമില്ല. വീട്ടില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് സംസാരിച്ചു പരിഹരിക്കലാണ് പതിവ്. അതുപോലെ ഇന്ത്യന്‍ ടീമിലെ അഭിപ്രായ വ്യത്യാസങ്ങളും അത്തരത്തില്‍ പരിഹരിക്കാമായിരുന്നു. എന്നാല്‍ കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ചിലര്‍ വാശി പിടിക്കുകയായിരുന്നു. ഇത് ബി.സി.സി.ഐയുടെ പരാജയമായാണ് കരുതുന്നത്. ഗംഭീര്‍ ചൂണ്ടിക്കാട്ടി.

pathram:
Related Post
Leave a Comment