രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം; തെലങ്കാനയില്‍ ടി.ആര്‍.എസ്

ഡല്‍ഹി: രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പായി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പായി. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തും. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടും. മിസോ നാഷണല്‍ ഫ്രണ്ട് ആണ് ഇവിടെ മുന്നില്‍.
ലീഡ് നിലകള്‍ മാറിമറിയുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിന് ഒപ്പം മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢില്‍ വ്യക്തമായ മുന്നേറ്റത്തോടെ കോണ്‍ഗ്രസ് ഭരണത്തിലേക്ക് എത്തുമെന്ന് ഉറപ്പാണ്. നാലാം തവണയും ഭരണതുടര്‍ച്ച പ്രതീക്ഷിച്ച ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നിലവിലെ ഫല സൂചനകള്‍ നല്‍കുന്നത്.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് തെലങ്കാനയില്‍ ടിആര്‍എസ് കുതിക്കുന്നു. കോണ്‍ഗ്രസ് നേത്വത്തിലുള്ള ‘മഹാകൂടമി സഖ്യ’ത്തെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസിന്റെ മുന്നേറ്റം. ടി.ആര്‍.എസിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്ന് കുതിക്കുകയാണ്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചട്ടാകുന്ന കാഴ്ച്ചയാണ് മിസോറാമില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍ തരുന്നത്. 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇത്തവണ പിഴയ്ക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലെ ആദ്യ മണിക്കൂറുകള്‍ നല്‍കുന്ന സൂചന. മിസോനാഷ്ണല്‍ ഫ്രണ്ടാണ് കോണ്‍ഗ്രസിനെക്കാള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുന്നത്.
ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമായ ജനവിധി, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചന നല്‍കും. ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം.
കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്‌നിപരീക്ഷയാണ് ജനവിധി.
പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി; വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. അതിനാല്‍, ഫലം ബി.ജെ.പി.ക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാകും.
പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്; പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ദേശീയതലത്തില്‍ സജീവമായതിനാല്‍ പ്രത്യേകിച്ച്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61ഉം ബി.ജെ.പി.ക്ക് അനുകൂലമായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചതോടെ ബി.ജെ.പി. ക്യാമ്പുകളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പി.ക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാനദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു. എന്നാല്‍, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബി.ജെ.പി.യെ കുഴക്കുന്നത്.
മധ്യപ്രദേശില്‍ വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ ചൗഹാനെ പിടികൂടിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങള്‍ മുതലാക്കാമെന്ന ധാരണയിലാണ് ബി.ജെ.പി. പ്രചാരണം ആരംഭിച്ചത്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിതമായി നീങ്ങിയത് ബി.ജെ.പി.ക്ക് അപ്രതീക്ഷിതമായി.
ഛത്തീസ്ഗഢും ബി.ജെ.പി.യുടെ ശക്തിദുര്‍ഗമാണ്. എക്‌സിറ്റ് പോളുകള്‍ രമണ്‍സിങ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടില്ലെന്നാണ് പ്രവചിച്ചതെങ്കിലും അജിത് ജോഗിമായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളില്‍ വിള്ളല്‍വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി

pathram:
Leave a Comment