മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അന്തരിച്ചു; ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി/ തൃശൂര്‍: മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍(86) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്നു. ദീര്‍ഘകാലം തൃശൂര്‍ ഡിസിസി പ്രസിഡന്റും കെപിസിസി ട്രഷററുമായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അദ്ദേഹം ഗ്രാമീണ വായനശാലയിലെ ലൈബ്രേയിയനായിരുന്നു. വിനോബ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. കെ. കരുണാകരന്റെ ഉറ്റഅനുയായി ആയിരുന്നു. 50 വര്‍ഷത്തോളം കരുണാകരനൊപ്പം അദ്ദേഹമുണ്ടായിരുന്നു.

തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റും വൈസ് പ്രസിഡന്റും കെ.പി.സി.സി ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘാടക മികവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കരുണാകരന്‍ സപ്തതി സ്മാരക മന്ദിരം എന്നപേരിലുള്ള തൃശ്ശൂര്‍ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. മില്‍വ വരുന്നതിന് മുമ്പുതന്നെ തൃശ്ശൂരില്‍ ക്ഷീര കര്‍ഷകസംഘം രൂപവത്കരിച്ച് പായ്ക്കറ്റ് പാല്‍ വിതരണം നടത്താന്‍ നേതൃത്വം നല്‍കിയതും അദ്ദേഹമാണ്.

2011 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വടക്കാഞ്ചേരിയില്‍ സി.പി.എമ്മിലെ എന്‍.ആര്‍ ബാലനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്. അനാരോഗ്യംമൂലം ഏറെനാളായി പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

pathram:
Related Post
Leave a Comment