പിഎസ്‌സി നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സര പരീക്ഷകള്‍ നടത്തിവരുന്നത്. സാങ്കേതിക വിഷയങ്ങളിലധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം പരീക്ഷകളിലടക്കം മലയാളംകെൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്നും സി കെ ഹരീന്ദ്രൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളില്‍ മലയാളത്തിലാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്. ബിരുദം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളില്‍ ഇംഗ്ലീഷിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിവരുന്നത്. ഭരണഭാഷ മലയാളമാക്കിയിട്ടുള്ള സാഹചര്യത്തില്‍ നിശ്ചിത ശതമാനം മാര്‍ക്കിന് മലയാളഭാഷാ പരിജ്ഞാനത്തിന് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ മലയാളത്തില്‍ തയ്യാറാക്കുന്ന കാര്യത്തില്‍ പിഎസ്‌സിയുമായി പല പ്രാവശ്യം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.‐ മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment