സംഘര്‍ഷഭരിതമായി പിറവം; നടപടികളില്‍നിന്ന് പിന്‍മാറി പൊലീസ്; സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ്

പിറവം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയ പള്ളിയില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതം. വിശ്വാസികള്‍ കൂട്ട ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. വിശാസികളില്‍ ചിലര്‍ പള്ളിക്ക് മുകളില്‍ കയറിയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും ഭീഷണി മുഴക്കി. ഇതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു. ചൊവ്വാഴ്ച്ചത്തെ കോടതിവിധിക്ക് ശേഷം തുടര്‍നീക്കങ്ങള്‍ ആലോചിക്കുമെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ, ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് അനൂപ് ജേക്കബ്ബ് എംഎല്‍എ ആരോപിച്ചു. പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. വിധി നടപ്പിലാക്കാന്‍ പള്ളി പരിസരത്ത് പൊലീസെത്തിയതോടെയാണ് സംഭവം വഷളായത്. പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തു നിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊലീസെത്തിയത്.

യാക്കോബായ വിഭാഗം മുദ്രാവാക്യം വിളികളുമായാണ് എത്തിയത്. യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിച്ചു. സ്ത്രീകള്‍ അടക്കമുള്ളവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. പൊലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും.

ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയും മറ്റു വൈദികരും വിശ്വാസികളും നിലവില്‍ പള്ളിക്കകത്തുണ്ടായിരുന്നു. വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ ചെറുത്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പുരോഹിതരുമായി ചര്‍ച്ച നടത്തിയ പൊലീസ് നടപടിയുണ്ടാവില്ലെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് പുരോഹിതന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പള്ളിക്ക് മുകളില്‍ കയറിയ വിശ്വാസികള്‍ താഴെയിറങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പള്ളിവളപ്പില്‍ നിന്ന് പിന്മാറി.

പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടു നല്‍കാന്‍ കോടതി വിധിയില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിധി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമം നടത്തിയത്. ഏപ്രില്‍ 19നാണ് പിറവം പള്ളിയിലെ യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്നായിരുന്നു വിധി.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെ ഹൈക്കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കുന്നതിന് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടാണ്. ഈ ഇരട്ടത്താപ്പ് സാധാരണക്കാര്‍ക്ക് ദഹിക്കുന്നതല്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നു. നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് കേസിന്റെ സമയത്ത് പറഞ്ഞിരുന്നു.

വലിയ പള്ളിയില്‍ തല്‍സ്ഥിതി തുടരണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭാ നേതൃത്വത്തില്‍ രാവിലെ സമാധാന സന്ദേശറാലി നടത്തിയിരുന്നു. കത്തിച്ച തിരികളുമായി പള്ളിയില്‍ നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി പള്ളിയില്‍ സമാപിച്ചു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ഡോ.മാത്യൂസ് മാര്‍ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. സഭാ സെക്രട്ടറി പീറ്റര്‍ കെ.ഏലിയാസ്, ട്രസ്റ്റി സി.കെ.ഷാജി, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ഷിബിന്‍ പോള്‍, ഫാ. ഗീവര്‍ഗീസ് തെറ്റാലില്‍, ബേബി കിഴക്കേക്കര, വി.വി.ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ സംഘടിച്ചിരിക്കുന്നത്.

ആരെന്ത് പറഞ്ഞാലും പിറവം സെന്റ് മേരീസ് വലിയ പള്ളി ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. ഇതോടെ പള്ളി തര്‍ക്കം സംഘര്‍ഷത്തിലെത്തുമെന്ന വിലയിരുത്തലില്‍ പൊലീസ് എത്തി. യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ പിറവത്ത് വലിയ സംഘര്‍ഷം ഉണ്ടാകുമെന്ന പൊലീസ് വിലയിരുത്തല്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ പിറവത്ത് സുപ്രീംകോടതി വിധി മൂലം സഭാ വിശ്വാസികള്‍ക്കു നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമായെന്നു യാക്കോബായ സുറിയാനി സഭ വര്‍ക്കിങ് കമ്മിറ്റി വിലയിരുത്തുന്നു. അന്ത്യോഖ്യ സിംഹാസനത്തിനു കീഴില്‍ നിലകൊള്ളുന്ന പിറവം പള്ളി കയ്യേറാനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നീക്കം ചെറുക്കാനാണ് യാക്കോബായ വിഭാഗത്തിന്റെ തീരുമാനം. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരും സഭാ വിശ്വാസികളും പ്രാര്‍ത്ഥനാ പൂര്‍വം പള്ളിയില്‍ ഉണ്ടായിരിക്കുമെന്നും വര്‍ക്കിംഗ് കമ്മറ്റി തീരുമാനിച്ചു. ഇത് സംഘര്‍ഷത്തിന് പുതിയ തലം നല്‍കുകയാണ്.

പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനി പള്ളി. ‘രാജാക്കന്മാരുടെ പള്ളി’ എന്നും ഈ ദേവാലയം അറിയപ്പെടുന്നു. കേരളത്തിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നാണിത്. ഏറെ വിശ്വാസ പെരുമയുമുണ്ട്. ബേത്‌ലഹേമില്‍ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാര്‍ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയില്‍ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. അതുകൊണ്ട് കൂടിയാണ് ഈ പള്ളിക്കായുള്ള തര്‍ക്കം രൂക്ഷമാകുന്നതും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7