ഒന്നാം ടെസ്റ്റ് അന്ത്യത്തിലേക്ക്; ഓസീസിന് ജയിക്കാന്‍ 219 റണ്‍സ്

അഡ്ലെയ്ഡ്: ഓസ്ട്രേലിയ- ഇന്ത്യ ഒന്നാം ടെസ്റ്റ് അന്ത്യത്തിലേക്ക്. 323 റണ്‍സിന്റെ ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തിട്ടുണ്ട്. വിജയിക്കാന്‍ ഇനി ആതിഥേയര്‍ക്ക് 219 റണ്‍സ് വേണം. ഒരു ദിവസം ആറ് വിക്കറ്റും ശേഷിക്കെ ഓസീസിന് മുന്നില്‍ ബാക്കി നില്‍ക്കെയാണ് 219 ന്റെ വിജലക്ഷ്യം. ഷോണ്‍ മാര്‍ഷ് (31), ട്രാവിസ് ഹെഡ് (11) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും ആര്‍. അശ്വിനുമാണ് ഓസ്ട്രേലിയയുടെ മുന്‍നിര തകര്‍ത്തത്. നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 307ല്‍ അവസാനിച്ചിരുന്നു. ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70) എന്നിവരാണ് ഇന്ത്യക്ക് മാന്യമായ ലീഡ് സമ്മാനിച്ചത്.

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (11)യാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെച്ചിച്ചു. പിന്നാലെ സഹഓപ്പണ്‍ മാര്‍കസ് ഹാരിസും (26) മടങ്ങി. ഷമിയുടെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍. അധികം വൈകാതെ എട്ട് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും മടങ്ങി. അശ്വിനെ മിഡ് ഓഫിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി. ഷമിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പീറ്റര്‍ ഹാന്‍ഡ്കോംപ്സും മടങ്ങിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. എന്നാല്‍ ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും അധികം കേടുപാടുകള്‍ കൂടാതെ നാലാംദിനം പൂര്‍ത്തിയാക്കി.

322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ രണ്ടിന്നിങ്സിലും നേടിയത്. ഒരുഘട്ടത്തില്‍ ഇതിലും മികച്ച ലീഡ് നേടുമെന്ന് കരുതിയിരുന്നെങ്കിലും ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ആറ് വിക്കറ്റാണ് ഇന്ത്യയെ ഭേദപ്പെട്ട ലീഡില്‍ ഒതുക്കിയത്. ഇന്ത്യന്‍ നിരയില്‍ ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70), കെ.എല്‍. രാഹുല്‍ (44) എന്നിവരുടെ പ്രകടനമാണ് ശ്രദ്ധിക്കപ്പെട്ടത്. ലിയോണിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.

നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ (1) എന്നിവരെ ലിയോണ്‍ മടക്കി അയച്ചു. മൂന്നിന് 151 എന്ന നിലയില്‍ നാലാംദിനം പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് പൂജാരയെ ആയിരുന്നു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരനായ പൂജാരയെ ലിയോണ്‍ പുറത്താക്കുകയായിരുന്നു. പൂജാരയ്ക്ക് ശേഷമെത്തിയ രോഹിത് ശര്‍മ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി.

പിന്നീടെത്തിയ പന്ത് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചു. എത്രയും വേഗത്തില്‍ ലീഡുയര്‍ത്തുക എന്നത് മാത്രമായിരുന്നു പന്തില്‍ നിയോഗിക്കപ്പെട്ടത്. 16 പന്ത് മാത്രം നേരിട്ട താരം 28 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. പന്ത്, ലിയോണിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ ആര്‍. അശ്വിനെ (5) നിലയുറപ്പിക്കും മുന്‍പെ സ്റ്റാര്‍ക്ക് മടക്കിയയച്ചു. ഏറെ നേരം രഹാനെയ്ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വൈസ് ക്യാപ്റ്റനും മടങ്ങി. പിന്നീടെല്ലാം ചടങ്ങ് പോലെയായിരുന്നു. ഇശാന്ത് ശര്‍മ (0), മുഹമ്മദ് ഷമി (0) എന്നിവരെ യഥാക്രമം സ്റ്റാര്‍ക്കും ലിയോണും മടക്കിയയച്ചു.

pathram:
Leave a Comment