പിണറായി സര്‍ക്കാരിനെതിരെ വീണ്ടും നിയമനടപടിക്ക് ഒരുങ്ങി ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുന്നു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് നടപടി. ചാരക്കേസില്‍ നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്നു കാണിച്ചു സത്യവാങ് മൂലം നല്‍കിയതിനെയാണ് എതിര്‍ക്കുന്നത്. തനിക്കെതിരായി ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോള്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന പാപ്പരത്വമാണു നടപടിയെന്നും സെന്‍കുമാര്‍ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ചപ്പോഴാണ് നമ്പി നാരായണനെതിരായ കേസില്‍ സെന്‍കുമാറും തെറ്റായ ഇടപെടല്‍ നടത്തിയെന്നു കാണിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇതു കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്നു കാണിച്ചു വീണ്ടും നിയമനടപടി സ്വീകരിക്കാനാണു സെന്‍കുമാറിന്റെ തീരുമാനം. സര്‍ക്കാര്‍ ആവശ്യപ്രകാരം ഐഎസ്ആര്‍ഒ ചാരക്കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം തുടങ്ങും മുന്‍പു തന്നെ ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയലുകള്‍ മടക്കി നല്‍കിയിരുന്നു. കേസില്‍ താന്‍ വേറൊന്നും ചെയ്തിട്ടില്ല. നമ്പി നാരായണന്‍ തനിക്കേറ്റ പീഡനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി എഴുതിയ ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയില്‍ പോലും തന്റെ പേരില്ല. താന്‍ കുറ്റക്കാരനെങ്കില്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ ഒന്നാംപ്രതിയാകും. നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധിക്കു ശേഷം ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ മുന്നില്‍ തന്നെയും കുറ്റക്കാരനാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നാണ് സെന്‍കുമാറിന്റെ ആരോപണം. തനിക്കെതിരെയെടുത്ത എല്ലാ കേസുകളും കോടതി തള്ളിക്കളഞ്ഞതിനാല്‍ അടുത്ത പ്രതികാരനടപടിയാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular